നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) St.Pius X Church ൽ വച്ച് നടത്തിയ കേരള ഫെസ്റ്റ് 2024 പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ഒരു വൻ വിജയമായി. മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്ന കേരള കഫെ, കാൻ പിക്നിക് എന്നീ തീമുകൾ സംയോജിപ്പിച്ചായിരുന്നു കേരള ഫെസ്റ്റ് എന്ന രൂപത്തിൽ അവതരിപ്പിച്ചത്. ഇത് കൂടുതൽ വർണ്ണശബളമാക്കാൻ സഹായിച്ചു.
കേരള കഫെയുടെ ഭാഗമായി മലയാളികളുടെ തനതായ വിവിധ വിഭവങ്ങൾ കാനിന്റെ സ്വന്തം വാളന്റീർമാർ തയ്യാറാക്കി നൽകുകയായിരുന്നു. ഇത് കേരളത്തിൽ ഒരു ഫുഡ് ഫെസ്റ്റിവെലിൽ പോയി പങ്കെടുത്ത പ്രതീതി എല്ലാപേരിലും ഉളവാക്കി. ചായയും സുലൈമാനിയും, ഗ്ലാസ് പെട്ടിയിൽ അടുക്കി വച്ചിരുന്ന വിവിധ പലഹാരങ്ങളും ഒക്കെ തയ്യാറാക്കിയ ആദാമിന്റെ തട്ടുകട അവതരണം കൊണ്ട് വളരെ ശ്രദ്ധ നേടി. കേരളത്തിന്റെ അഹങ്കാര വിഭവങ്ങളായ കിഴി പൊറോട്ടക്കും, പൊരിച്ച കോഴിയും ചപ്പാത്തിക്കും പ്രാധാന്യം നൽകികൊണ്ട് അവതരിപ്പിച്ച അച്ചായൻസ് തട്ടുകട നോൺ വെജിറ്റേറിയൻ ആൾക്കാരുടെ ഒരു ആകർഷണകേന്ദ്രമായിരുന്നു. മീൻ പൊള്ളിച്ചതും, കപ്പയും മീൻ കറിയും, ഞണ്ടു കറിയും ഒക്കെയായി അവതരിപ്പിച്ച കായലോരം തട്ടുകട കുറച്ചു നേരത്തേക്ക് ഗൃഹാതുരത്വത്തിന്റെ വേറൊരു കേരളക്കരയിലേക്കു എല്ലാപേരെയും കൊണ്ട് പോയി . തനിനാടൻ തട്ടുകട ലൈവ് അപ്പവും ദോശയും കൊത്തു പൊറോട്ടയും ഒക്കെ ആയി വെജിറ്റേറിയൻ ആൾക്കാരെയും ഒട്ടും നിരാശപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായിരുന്നു. കാനിന്റെ യൂത്ത് ഫോറം അവരുടെ മുല്ലപ്പന്തൽ സ്റ്റാൾ വഴി നന്നാരിസർബത്തും, ലെമൺ ജൂസും, ഉപ്പിലിട്ടതും ഒക്കെ ആയി കളം നിറഞ്ഞു തന്നെ നിന്നു.
കാൻ എല്ലാവർഷവും നടത്തുന്ന ഒരു പ്രോഗ്രാം ആണ് പിക്നിക്. ഇപ്രാവശ്യം അതിനെ കേരള ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിച്ചപ്പോൾ അതൊരു പ്രത്യേക അനുഭവമായി മാറി. സുന്ദരിക്ക് പൊട്ടു തൊടൽ, മ്യൂസിക്കൽ ചെയർ, ബോംബിങ് ദി സിറ്റി എന്നിങ്ങനെ വിവിധങ്ങളായ ഗെയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. പ്രധാന ഹൈലൈറ് വടം വലിയായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികളുടെയും വെവ്വേറെ നടത്തിയ വടംവലികൾ അക്ഷരാർത്ഥത്തിൽ ഒരു കേരള ഫെസ്റ്റിവൽ അനുഭവം തന്നെ തീർത്തു.
കാൻ പുതുതായി അവതരിപ്പിച്ച LED wall ആഘോഷത്തിന്റെ ഒരു പ്രത്യേക ഭാവനില സൃഷ്ടിക്കാൻ ഉപകരിച്ചു. കാനിന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജ് LED വാളിന്റെ സഹായത്തോടെ അവതരിപ്പിച്ചു. അതോടൊപ്പം തന്നെ ഹെന്ന ഇടലും ഫേസ് പെയിന്റിംഗും ഒക്കെ കുട്ടികളെ ഒട്ടേറെ ആകർഷിക്കുകയും ചെയ്തു.
കേരള ഫെസ്റ്റ് 2024 നാഷ്‌വിൽ മലയാളികൾക്കിടയിൽ സമ്പൂർണ്ണമായി ഒരു ആഘോഷത്തിന്റെ ദിനം സമ്മാനിക്കാൻ സാധിച്ചുവെന്നതിൽ കാൻ ഭരണസമിതിക്കു ഒരു ചാരിതാർഥ്യം ഉണ്ട്. ഒട്ടേറെ വാളന്റീർമാരുടെ അകമഴിഞ്ഞ സഹായവും സഹകരണവും കൊണ്ട് മാത്രമാണ് അതിന് സാധിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും കാൻ ഭരണസമിതി പ്രത്യേകമായി അവരെ അറിയിക്കുകയും ചെയ്തു.