ലോക്സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങെന്ന് റിപ്പോർട്ട്

ലോക്സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങെന്ന് റിപ്പോർട്ട്. സോണിയ ഗാന്ധിക്കൊപ്പം എത്തി രാഹുലും, കുടുംബസമേതം എത്തി പ്രിയങ്ക ഗാന്ധിയും വോട്ട് രേഖപ്പെടുത്തി. അവകാശങ്ങൾക്കും ഒരോ കുടുംബത്തിൻ്റെയും ഭാവിക്കും വേണ്ടിയാകണം വോട്ടെന്ന് രാഹുലും ജനകീയ വിഷയങ്ങൾ ഉയർത്തുന്ന ഇന്ത്യ സഖ്യത്തിനൊപ്പമാണ് ജനം എന്ന് പ്രിയങ്കയും പ്രതികരിച്ചു.

1 മണിവരെ 39.13 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലാണ് ഉയര്‍ന്ന പോളിങ്. 54.80 ശതമാനം. ഡല്‍ഹിയില്‍ മന്ദഗതിയിലാണ്. നുണകളും വിദ്വേഷവും നിരസിച്ച വോട്ടര്‍മാര്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒന്നിന് പുറകെ ഒന്നായി സെല്‍ഫ് ഗോള്‍ അടിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും പ്രതികരിച്ചു.

58 സീറ്റുകള്‍ വിധിയെഴുതുന്നു. 11.13 കോടി വോട്ടര്‍മാര്‍. 889 സ്ഥാനാര്‍ഥികള്‍. 2019ല്‍ 58ല്‍ 53 സീറ്റില്‍ മല്‍സരിച്ച ബിജെപി 40 ഇടത്ത് വിജയിച്ചു. ഹരിയാനയും ഡല്‍ഹിയും ബിജെപി തൂത്തുവാരിയതാണ്. ബംഗാളിലാകട്ടെ ബിജെപിയുടെ ശക്തികേന്ദ്രമായ ജംഗല്‍മഹല്‍ ഉള്‍പ്പെട്ട മേഖലയിലാണ് വോട്ടെടുപ്പ്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യവും ഹരിയാനയില്‍ കര്‍ഷക പ്രതിഷേധം അടക്കമുള്ള വിഷയങ്ങളും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. അരവിന്ദ് കേജ്‍രിവാളിന്‍റെ ജയില്‍വാസം ജനവിധിയെ സ്വാധീനിക്കുമോ എന്നതും നിര്‍ണായകമാണ്. യുപിയിലെ 14 സീറ്റില്‍ ബിജെപി– ബിഎസ്പി– ഇന്ത്യ മുന്നണി ത്രികോണമല്‍സരമാണ്.

‘കണ്‍മണി അന്‍പോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ ‘കണ്‍മണി അന്‍പോട്’ ഗാനം ഉപയോഗിച്ചത് അനുമതിയോടെയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണി. മ്യൂസിക് കമ്പനികളില്‍ നിന്ന് സിനിമയുടെ അവകാശം വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചില്ലെന്നും ആദ്ദേഹം പ്രതികരിച്ചു. പിരമിഡ്, ശ്രീദേവി സൗണ്ട്‌സ് എന്നീ മ്യൂസിക് കമ്പനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയതായി ഷോണ്‍ പറഞ്ഞു.

1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍ നാന്‍’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിന് ശേഷം കണ്‍മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെന്‍ഡായി മാറുകയും ഗുണ സിനിമ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.