ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം വി വർഗീസ് അന്തരിച്ചു. ശവസംസ്കാരം ജൂൺ 1 ശനിയാഴ്ച

ചിക്കാഗോ /തിരുവല്ല :ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ എം വി വർഗീസ് (100) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂൺ 1ന് പായിപ്പാട്ട് വെച്ച്.

ഐപിസി യുടെ പ്രഥമ മിഷനറിയായി 1954 ൽ പാസ്റ്റർ കെ ഇ എബ്രഹാം സിംഗപ്പൂരിലേക്ക് അയച്ച പാസ്റ്റർ എം വി വർഗീസ് അവിടെ 10 വർഷം പ്രവർത്തിച്ച് സിംഗപ്പൂർ, മലേഷ്യ, കോലാലമ്പൂർ തുടങ്ങി 10 സ്ഥലങ്ങളിൽ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ പ്രവർത്തനം ആരംഭിച്ചു. ഐപിസി ബിലീവേഴ്സ് കൗൺസിൽ രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ആലപ്പുഴ (ഈസ്റ്റ്) സെൻറർ ശുശ്രൂഷകൻ തുടങ്ങി വിവിധ നിലകളിൽ ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയ്ക്ക് അനുഗ്രഹീതമായ നേതൃത്വം നൽകിയിരുന്നു.

50 വർഷത്തിലധികം ഹെബ്രോൺ ബൈബിൾ കോളേജ്, ഇന്ത്യ ബൈബിൾ കോളേജ് തുടങ്ങി നിരവധി വേദപാഠശാലകളിൽ അധ്യാപകനായിരുന്നു. സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെ ദൈവവചനത്തിന്റെ മർമ്മം ജനഹൃദയങ്ങളിൽ എത്തിക്കുവാൻ പ്രത്യേകം കഴിവുള്ള ആളായിരുന്നു പാസ്റ്റർ എം വി വർഗീസ്. ആയിരക്കണക്കിന് ശുശ്രൂഷകൻമാരെ, ദൈവവചനം പഠിപ്പിച്ചു ശുശ്രൂഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നടന്ന നൂറാമത് കുമ്പനാട് കൺവെൻഷനിൽ ഞായറാഴ്ച സഭായോഗത്തിലും സംബന്ധിച്ച് ദൈവവചനം സംസാരിച്ചു.

ഭാര്യ: മാരാമൺ പൊൻവേലിമണ്ണിൽ പരേതയായ കുഞ്ഞമ്മ വർഗീസ്, മക്കൾ: പാസ്റ്റർ ജോർജ് വർഗീസ് (രാജൻ)- ഐപിസി യുപി സ്റ്റേറ്റ് മുൻ പ്രസിഡൻ്റ്; ബ്രദർ എം വി ഫിലിപ്പ് (സണ്ണി)- ഐപിസി ജനറൽ കൗൺസിൽ മെമ്പർ; എലിസബത്ത് വർഗീസ് (ആനി)- കാലിഫോണിയ; സൂസൻ വർഗീസ് (ജെസ്സി)- വാഴൂർ മരുമക്കൾ: പൊന്നമ്മ; ശോഭ; വെട്ടിയാർ നെടുംകണ്ടത്തിൽ ജോൺസൺ വർഗീസ്- കാലിഫോണിയ; വാഴൂർ വേലിക്കാട്ട് രാജു.

സംസ്കാര ശുശ്രൂഷ ജൂൺ ഒന്നാം തീയതി ശനിയാഴ്ച രാവിലെ ഏഴുമണിക്ക് അദ്ദേഹത്തിൻ്റെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഐപിസി വിയപുരം സഭാസമെത്തിയരിയോട് ചേർന്ന് തന്നെയുള്ള ആനാരി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ 8.30 മുതൽ പൊതുദർശനവും ശുശ്രൂഷയും ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ ചുമതലയിൽ ആരംഭിച്ച 3:00 മണിക്ക് പാസ്റ്റർ എം വി. വർഗീസിന്റെ മാതൃസഭയായ ഐപിസി ബഥേൽ വിയപുരം സഭാ സെമിത്തോരിയിൽ സംസ്കരിക്കുന്നതാണ്.

ശുശ്രൂഷകൾക്ക് ഐ പി സി സ്റ്റേറ്റ് ഭാരവാഹികളും സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ബി മോനച്ചൻ മറ്റു ഡിസ്റ്റിക് ഭാരവാഹികളും നേതൃത്വം നൽകുന്നതാണ്

വാർത്ത: കുര്യൻ ഫിലിപ്പ്