അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ച സംഭവത്തിൽ പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. അപകടകാരണത്തെ കുറിച്ചുള്ള ശാസ്ത്രീയ പരിശോധനാഫലം ഉടൻ പുറത്തുവരും. ബിനീഷ്, ഭാര്യ അനു മക്കളായ ജൊവാന, ജെസ്‌വിൻ എന്നിവരാണ് മരിച്ചത്.
അങ്കമാലി സെൻ്റ് മേരീസ് സുനോറ കത്തീഡ്രൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. ഇതിന് മുന്നോടിയായി വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ച് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. അങ്കമാലി എംഎൽഎ റോജി എം ജോണും ബെന്നി ബഹനാൻ എം.പിയും ചടങ്ങിൽ പങ്കെടുത്തു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് അബോധാവസ്ഥയിലായതാണ് നാലുപേരും തീയിൽ അകപ്പെട്ട് മരിക്കാൻ ഇടയായതെന്നാണ് നിലവിലെ കണ്ടെത്തൽ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാകും തീപിടത്തത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകുക.











































