ഇരട്ട പരത്വത്തിനുള്ള തോമസ് ടി ഉമ്മൻ്റെ ആഹ്വാനത്തിന് പ്രവാസി സംഘടനകളുടെ പിന്തുണ ഏറുന്നു (ആർ. ജയചന്ദ്രൻ)

ന്യൂയോർക്ക്: ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും പൗരന്മാർക്ക് ചുരുക്കം നിയന്ത്രണങ്ങൾക്ക് വിധേയമായി അമേരിക്കയിൽ ഇരട്ട പൗരത്വമുണ്ട്. എന്നാൽ ഇന്ത്യാക്കാർക്ക് മാത്രം അതില്ല.

ഈ സാഹചര്യത്തിലാണ്   പ്രവാസി  ഇന്ത്യക്കാർക്ക്   ഇരട്ട പരത്വം ലഭിക്കണമെന്ന ആവശ്യവുമായി തോമസ് ടി. ഉമ്മൻ രംഗത്തു വരുന്നത്. ഇതിനായി അദ്ദേഹം കേന്ദ്ര സര്ക്കാരിന് പലവട്ടം നിവേദനങ്ങൾ നൽകി.  ഇപ്പോൾ മറ്റ്‌ പ്രവാസി  സംഘടനകളും  ഈ ആവശ്യത്തെ  പിന്തുണക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫോമാ നേതാവും  സാമൂഹ്യ പ്രവർത്തകനുമായ തോമസ് ടി ഉമ്മൻ അറിയിച്ചു .

കേന്ദ്ര സർക്കാർ പ്രവാസികൾക്ക് ഇരട്ട പൗരത്വം നൽകുന്നതിനെപ്പറ്റി  പഠനങ്ങൾ തുടങ്ങിയിട്ട് കാലങ്ങളായി . ഈ അടുത്ത കാലത്തായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ഈ വിഷയത്തോട് അനുഭാവപൂർണ്ണമായ നയമാണ് സ്വീകരിക്കുന്നത്. ഇത് എല്ലാ പ്രവാസികൾക്കും ആശയ്ക്ക് വക നൽകുന്നു.

ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമാണ് ഇതെങ്കിലും  ഇതിനു അംഗീകാരം ലഭിക്കുക  പ്രയാസമാവില്ല.   രാജ്യ സുരക്ഷയെ മുൻ നിർത്തിയാണ് ഈ ആവശ്യത്തിന് പലപ്പോഴും  ഗവൺമെൻ്റ് എതിര് നിന്നത്. എന്നാൽ കേന്ദ്ര മന്ത്രിയുടെ  അടുത്ത കാലത്തെ പ്രസ്‌താവന എല്ലാ പ്രവാസി സംഘടനകൾക്കും പ്രതീക്ഷ  നൽകുന്നുവെന്ന് തോമസ് ടി ഉമ്മൻ അറിയിച്ചു.

കഴിഞ്ഞ നാല്പതിലേറെ  വർഷമായി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരള സമൂഹത്തിനും വേണ്ടി  സേവനമനുഷ്ഠിക്കുന്ന തോമസ് ടി ഉമ്മൻ ദീർഘകാലമായി ഉന്നയിക്കുന്ന ഒരു വിഷയമാണ് ഇരട്ട പൗരത്വം.  അഞ്ച് വർഷം  ഓ സി ഐ കാർഡ് ഉള്ളവർക്ക് ഇരട്ട പൗരത്വം നൽകുന്ന നടപടി ഉടൻ കേന്ദ്ര സർക്കാർ തുടങ്ങണമെന്ന ആവശ്യം കഴിഞ്ഞയാഴ്ച്ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലും  ആവർത്തിച്ചു . ഈ ആവശ്യത്തെ നിരവധി ഇന്ത്യൻ സംഘടനകൾ താല്പര്യപൂർവം  പിന്തുണച്ചതോടെ ഈ ആവശ്യം  ശക്തിപ്പെടുകയാണ്.

അമേരിക്കയിൽ കുടിയേറിയവർ  തങ്ങളുടെ നിലനിൽപ്പിന് വേണ്ടി അമേരിക്കൻ പൗരത്വം സ്വീകരിക്കുക സ്വാഭാവികമാണ്. കുടുംബമായി അമേരിക്കയിൽ തുടരുന്ന പലർക്കും ജൻമനാട്ടിലേക്ക്   പോകാൻ വിസ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായി . ഇതു സംബന്ധിച്ച ചർച്ചകൾ വർഷങ്ങൾക്ക് മുൻപേ തുടങ്ങി വെച്ച വ്യക്തിയാണ് തോമസ് ടി ഉമ്മൻ . ഇന്ത്യൻ വിദേശകാര്യ വകുപ്പുമായി  ബന്ധപ്പെട്ടു നൽകിയ   പല നിവേദനങ്ങളും  കാര്യമായ ഫലം കാണുന്നവയായിരുന്നില്ല. എങ്കിലും പി ഒ ഐ കാർഡും പിന്നീട് ഒ സി ഐ കാർഡും ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായി.

ഇപ്പോൾ ഇരട്ട പൗരത്വം  പൊതുചർച്ചയ്ക്ക് വന്നതും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് .  അഞ്ചു വര്ഷമായി  ഓ.സി.ഐ കാർഡുളളവർക്ക് ഇരട്ട പൗരത്വം  നൽകാമെന്ന പ്രായോഗികമായ  ഒരു നിർദേശമാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്.

അമേരിക്കൻ മലയാളികളുടെ നിരവധി പ്രശ്നങ്ങളിൽ ഒരു സുഹൃത്തിനെ പോലെ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന തോമസ് ടി ഉമ്മൻ നയിക്കുന്ന ടീം ഫോമാ 2024  -2026  കാലയളവിൽ നിരവധി പദ്ധതികളാണ് മുന്നോട്ട് വയ്ക്കുന്നത് . അതിനായി ഫോമാ പ്രവർത്തകരും അമേരിക്കൻ മലയാളികളും പിന്തുണയ്ക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു .

ഇരട്ട പൗരത്വം എന്ന അമേരിക്കൻ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ,അത് നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാരിൽ എപ്പോഴും സമ്മർദ്ദം ചെലുത്തുവാൻ ഒരേ മനസോടെ അമേരിക്കൻ മലയാളികൾ പ്രവർത്തിക്കണമെന്ന് തോമസ് ടി ഉമ്മനൊപ്പം മത്സരിക്കുന്ന സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ) , സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡൻ് ), ഡോ. പ്രിൻസ് നെച്ചിക്കാട് (ജോ സെക്രട്ടറി), അമ്പിളി സജിമോൻ (ജോ. ട്രഷറർ) തുടങ്ങിയവരും മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരും അഭ്യർത്ഥിച്ചു.