മനു തുരുത്തിക്കാടന്‍
ഫ്ളോറിഡ/ലോസ് ഏഞ്ചലസ്: ഫ്ളോറിഡ ഡെയ്റ്റോണയിലെ എംബ്രി-റിഡില്‍ എയ്റോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര എഫ് എൽ എൽ (FLL) ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 87 രാജ്യങ്ങള്‍ പങ്കെടുത്തപ്പോള്‍, ചാമ്പ്യന്‍സ് അവാര്‍ഡിലും അലയന്‍സ് അവാര്‍ഡിലും മൂന്നാം സ്ഥാനവും എഘഘ ലീഗിലെ മികച്ച കോച്ചായി യുനീക് വേള്‍ഡ് റോബോട്ടിക്സ് (UWR) തെരഞ്ഞെടുക്കപ്പെട്ടു. FLL അന്താരാഷ്ട്ര മത്സരത്തില്‍ യുഎഇ ടീമിനെയാണ് പത്തംഗ സംഘം പ്രതിനിധീകരിച്ചത്. ഈ സംഘത്തില്‍ സി.ഇ.ഒ ബെന്‍സണ്‍ തോമസ് ജോര്‍ജിനെ കൂടാതെ രണ്ട് മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഹൂസ്റ്റണില്‍ നടന്ന ലോക റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ യുനീക്കിന്‍റെ സ്റ്റാര്‍ലിങ്ക് ടീം പങ്കെടുത്തിരുന്നു.
ആധുനിക കാലത്ത് ലോകത്തിന്‍റെ ഇനിയുള്ള മുന്നോട്ടുപോക്ക് നിര്‍മ്മിത ബുദ്ധിയുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും റോബോട്ടിക്സിന്‍റെയും ഒപ്പമായിരിക്കും എന്ന തിരിച്ചറിവാണ്, ദുബായ് ആസ്ഥാനമായ യുനീക് വേള്‍ഡ് റോബോട്ടിക്സ് എന്ന സ്ഥാപനം സിഇഒ ബെന്‍സണ്‍ തോമസ് ജോര്‍ജ് ആരംഭിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ സ്ഥാപനം പരിശീലിപ്പിക്കുന്ന കുട്ടികള്‍ ലോകമെമ്പാടും മത്സരങ്ങളില്‍ പങ്കെടുക്കുകയും ജേതാക്കളാകുകയും ചെയ്യുന്നു.
2010-ല്‍ ഇസിഇ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ബെന്‍സണ്‍ 2018-ലാണ് തൃശൂരില്‍ കൂട്ടുകാരുമായി റോബോട്ടിക്സ് എന്ന സ്ഥാപനം തുടങ്ങിയത്. തന്‍റെ സ്വപ്നങ്ങള്‍ക്കു വേണ്ടത്ര വേഗം പോരെന്നു തോന്നിയപ്പോള്‍ 2019-ല്‍ ദുബായിലേക്ക് പറന്നു. തുടക്കകാലത്ത് കോവിഡ് അല്പം കാലതാമസം വരുത്തിയെങ്കിലും പിന്നീടുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. ഇന്ന് ഒമാന്‍, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലും റോബോട്ടിക്സ്, സ്പേസ്, എഐ ലാബ് എന്നിവ ഒരുങ്ങിക്കഴിഞ്ഞു. യുഎസിലെ STEM-ല്‍ നിന്ന് പരിശീലനം ലഭിച്ച അധ്യാപകരാണ് ഇവിടെയെല്ലാം ക്ലാസെടുക്കുന്നത്. കേരളത്തിലെ ചില എഞ്ചിനീയറിംഗ് കോളജുകളിലും ലാബുകള്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണായ നാസയുടെ സ്പേസ് ചലഞ്ചില്‍ യുനീക് പരിശീലിപ്പിച്ച കുട്ടികള്‍ക്കാണ് ഒന്നാം സ്ഥാനം.
അഞ്ചു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് പരിശീലനത്തിന്‍റെ ഭാഗമാകാം. റോബോട്ടിക്സ്, എ.ഐ. മെറ്റാവേഴ്സ്, സ്പേസ് ടെക്ക് തുടങ്ങിയവയിലെ പഠനം അവസരങ്ങളുടെ ലോകം യുനീക് വേള്‍ഡ് റോബോട്ടിക്സിലൂടെ തുറക്കുകയാണ്.
നാസയുടെ സ്പേസ് ആപ്പ് ചലഞ്ച്, വേള്‍ഡ് റോബോട്ടിക്സ് ഒളിമ്പ്യാട്, ഫസ്റ്റ് ലെഗോലീഗ് റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജേതാക്കളായത് യുനീക്കിലെ കുട്ടികളാണ്.
ലോകത്തിലെ മിക്ക അത്യാധുനിക കമ്പനികളും തങ്ങളുടെ പ്രവര്‍ത്തന മികവിനായി എ.ഐ, റോബോട്ടിക്സ് എന്നിവ കൂടുതല്‍ ഉപയോഗിച്ചു തുടങ്ങിയതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കപ്പെടുന്നുവെന്ന് ബെന്‍സന്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയാണ് ബെന്‍സന്‍ തോമസ് ജോര്‍ജ്.
കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിലെ ഓണ്‍ലൈന്‍ വിഭാഗം കൊച്ചിയില്‍ സംഘടിപ്പിച്ച റോബോട്ടിക്സ് എക്സ്പോയുടെ സാങ്കേതിക പിന്തുണയും യുനീക് വേള്‍ഡ് റോബോട്ടിക്സിനായിരുന്നു.















































