ജോസ് കണിയാലി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യൻ പ്രാതിനിധ്യം ഇനിയും വർദ്ധിക്കണമെന്ന് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് കൺവെൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങൾ ഈക്കാര്യത്തിൽ ഒരു പ്രതീക്ഷ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. 1983 ൽ ഡോ. അനിരുദ്ധൻ തുടങ്ങി വെച്ച പ്രസ്ഥാനം ഫൊക്കാന ഇന്ന് ഏറെ വളർന്നിരിക്കുന്നു. അതിൻ്റെ സംഘാടകനാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലോകം മാറുന്നതനുസരിച്ച് മലയാളിയും മാറണം എന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി . , മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ , നടൻ മുകേഷ് എന്നിവർ പ്രസംഗിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ . കല ഷഹി സ്വാഗതം ആശംസിച്ചു.വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയായത് . നാളെ വാശിയേറിയ ഫൊക്കാന ഇലക്ഷൻ നടക്കും .
മീഡിയ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, സാഹിത്യ സമഗ്രസംഭാവന പുരസ്കാരം, അമേരിക്കൻ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര വിതരണം, മിസ് ഫൊക്കാന , മലയാളി മങ്ക, ബിസിനസ് സെമിനാർ, മീഡിയ സെമിനാർ,സ്പെല്ലിങ് ബീ ,വിവിധ ടാലന്റ് മത്സരങ്ങൾ,ഇൻഡോർ ഗെയിംസ് ,വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഫാഷൻ ഷോ ,ഗായകൻ വിവേകാനന്ദൻ നയിക്കുന്ന ഗാനമേള ,നടൻ അനീഷ് രവിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടക്കും.ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ ,കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ , ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി ,ട്രഷറർ ബിജു ജോൺ കൊട്ടാരക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷൻ സംഘാടന പ്രവർത്തനങ്ങൾ നടക്കുന്നത്