വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തെ സാഹചര്യം അതീവ ഗുരുതരം. മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തനം പുരോഗമിക്കവേയാണ് വീണ്ടും ഉരുൾപൊട്ടിയത്. മുണ്ടക്കൈ പുഴയിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഡി.ആര്‍.എഫ് സംഘം ഇവിടെ പാലം നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് പുതിയ സംഭവം. ഇതേതുടര്‍ന്ന് രക്ഷാപ്രവർത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. മുണ്ടക്കൈ,ചൂരൽമല, അട്ടമല,കൽപ്പുഴ എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 70 ആയി. ഒഴുകി വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.
പല സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും നിരവധി പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതിനിടയിലാണ് വീണ്ടും ഉരുൾപൊട്ടിയത്.
 
  
  
  
 
 
            


























 
				
















