വയനാട് പ്രകൃതി ദുരന്തം;പുനരധിവാസ പ്രവർത്തനങ്ങളിൽ ടീം ഫോമയും പങ്കാളികളാകും: തോമസ് ടി. ഉമ്മൻ

ആർ . ജയചന്ദ്രൻ
ന്യൂയോർക്ക്: വയനാട് ഉരുൾ പൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ട മനുഷ്യർക്ക് , അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ ടീം ഫോമയും പങ്കാളികളാകുമെന്ന് ടീം ഫോമ 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി. ഉമ്മൻ പറഞ്ഞു. നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളുടെ വേർപാട് ഹൃദയഭേദകമാണ്. മരിച്ച പ്രിയപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങളോട് ടീം ഫോമയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു. വീടും ഭൂമിയും നഷ്ടപ്പെട്ട മനുഷ്യർക്ക് മുൻപ് ഫോമ എങ്ങനെ തുണയായോ അതുപോലെ പുനരധിവാസ പ്രവർത്തനങ്ങളിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. ഫോമാ കൺവൻഷന് ശേഷം കേരളത്തിലെത്തുമ്പോൾ ദുരന്ത ബാധിത പ്രദേശങ്ങൾ സഞ്ചരിച്ച് വേണ്ടത് ചെയ്യും.
2018 ൽ കേരളത്തിൽ പ്രളയം ഉണ്ടായ സമയത്ത് ഫോമാ നടത്തിയ പ്രവർത്തനങ്ങൾ , സഹായങ്ങൾ എല്ലാം കേരള ജനത രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. തിരുവല്ല പുളിക്കീഴ് ഫോമാ വില്ലേജ് ഒരു വലിയ മാതൃകയായി നമുക്ക് മുൻപിൽ ഉണ്ട്. ഫോമാ പ്രവർത്തകർക്ക് ഇത്തരം സഹായങ്ങൾ നൽകുന്നതിന് മടിയില്ല. അർഹതയുള്ളവർക്ക് സഹായം എത്തിക്കുന്നതാണ് ടീം ഫോമായുടെ നയമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വയനാട് വൻദുരന്തത്തിൽ പല നാടും ഒന്നാകെ മണ്ണടിഞ്ഞു.നൂറുകണക്കിന് മനുഷ്യർ വീർപ്പടക്കി കാത്തു നില്ക്കുന്നു. ആ ദുഃഖത്തിൽ നമുക്കും മനസ്സുകൊണ്ട് പങ്കുചേരാം. ദുരന്ത
ഭൂമിയിൽ ഇന്ത്യൻ സൈന്യവും മറ്റു രക്ഷാപ്രവർത്തകരും പ്രതികൂല കാലാവസ്ഥയിൽ ജീവന്മരണ പോരാട്ടത്തിലാണ്. അവർക്കൊപ്പം നിലകൊള്ളുന്ന സന്നദ്ധ പ്രവർത്തകരെയെല്ലാം അഭിനന്ദിക്കുന്നു. ഇനിയും ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാരുകളും ജനങ്ങളും ഉണർന്ന് ചിന്തിക്കട്ടെ എന്ന് ടീം ഫോമയ്ക്ക് വേണ്ടി പ്രസിഡൻ്റ് സ്ഥാനാർത്ഥി തോമസ് ടി ഉമ്മൻ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി സാമുവേൽ മത്തായി , ട്രഷറർ സ്ഥാനാർത്ഥി ബിനൂബ് ശ്രീധരൻ, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി സണ്ണി കല്ലൂപ്പാറ, ജോ. സെക്രട്ടറി സ്ഥാനാർത്ഥി ഡോ. പ്രിൻസ് നെച്ചിക്കാട്ട് , ജോ. ട്രഷറർ സ്ഥാനാർത്ഥി അമ്പിളി സജിമോൻ എന്നിവർ അഭ്യർത്ഥിച്ചു.