അടിച്ചുമാറ്റുന്നവരെ അടിച്ചു മാറ്റണം (മുരളി തുമ്മാരുകുടി)

ലോകത്തിന് തന്നെ മാതൃകയായി സർക്കാരും സമൂഹവും ഒരുമിച്ച് ഒരു ദുരന്തത്തെ നേരിടുന്നു.
കരുണയോടെ, തന്മയീഭാവത്തോടെ ദുരന്തത്തിൽ അകപ്പെട്ടവരെ എല്ലാവരും കൈകാര്യം ചെയ്യുന്നു
മാധ്യമങ്ങൾ ഒട്ടും ഓവർ ആക്കാതെ കുറ്റപ്പെടുത്തലുകൾ ഇല്ലാതെ വാഗ്വാദങ്ങൾ ഇല്ലാതെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അപ്പോഴാണ് സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാൻ കുറച്ചു പേർ ഇറങ്ങുന്നത് .അപകടം ഉണ്ടായ സ്ഥലങ്ങളിൽ, ആളൊഴിഞ്ഞു പോയ വീടുകളിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നു.
എന്തൊരു കഷ്ടമാണ്. ഇവരൊക്കെ എന്ത് മനുഷ്യരാണ്?
അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ, ദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിൽ അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടങ്ങളിൽ പെട്ടിട്ടുള്ള അനവധി സുഹൃത്തുക്കൾ അവരുടെ വസ്തുക്കൾ അടിച്ചുമാറ്റിയതായും ചിലപ്പോൾ പിടിച്ചു പറിച്ചതായും എന്നോട് പറഞ്ഞിട്ടുണ്ട്.
വെങ്ങോലയിൽ ഒരു റോഡപകടത്തിൽ പരിക്കേറ്റ് കാലൊടിഞ്ഞു കിടന്ന എൻ്റെ ബന്ധുവിന്റെ വാച്ച് ഊരിയെടുക്കാൻ ശ്രമിച്ചത് നാട്ടുകാരനും പരിചയക്കാരനും ആയിരുന്നു !. ഇത്തരം പാഴ് ജന്മങ്ങൾ എവിടേയും ഉണ്ടാകും.
ഇവർ ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.
ദുരന്തഭൂമിയിൽ നിന്നും കുറച്ചു പണമോ സ്വർണ്ണമോ അവർ കൊണ്ടുപോകും എന്നതല്ല പ്രധാന പ്രശ്നം.
ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് വരുമ്പോൾ വീട് വിട്ടു പോകാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഒഴിഞ്ഞ വീടുകളിൽ ഇതുപോലുള്ള സാമൂഹ്യദ്രോഹികൾ വന്നു മോഷണം നടത്തും എന്ന പേടിയാണ്.
അപ്പോൾ ആളുകൾ ഒഴിയാൻ മടിക്കുന്നു.
ദുരന്തന്തിന്റെ വ്യാപ്തി പല മടങ്ങാകുന്നു.
ഈ അപകടവും ദുരന്തവും ഒക്കെ ആർക്കും എപ്പോഴും വരാം. ഇന്നത്തെ മോഷ്ടാവിന്റെ വീടായിരിക്കും നാളെ മണ്ണിനടിയിൽ. ഇന്നത്തെ അടിച്ചുമാറ്റൽ വീരനായിരിക്കും നാളെ അപകടത്തിൽ പെടുന്നത്.
ഇങ്ങനെ ഈ സാമൂഹ്യദ്രോഹികളോടൊക്കെ കാലം കണക്കു ചോദിക്കും എന്ന് മാത്രം വിചാരിച്ചിരിക്കേണ്ട കാര്യമില്ല.
അപകടസ്ഥലത്ത് മറ്റു രക്ഷാ പ്രവർത്തനത്തിന്റെ കൂടെ ഇത്തരം ദ്രോഹികളെ കൈകാര്യം ചെയ്യാൻ കൂടി സന്നദ്ധപ്രവർത്തകരുടെ ആവശ്യമുണ്ടെന്ന് കാണുക.
കള്ളന്മാരെ കയ്യോടെ പിടികൂടിയാൽ പിന്നെ നാട്ടുകാരും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യുക.
അവരെ പോലീസിൽ ഏൽപ്പിക്കുക.
സീറോ ടോളറൻസ് ആയിരിക്കണം ഇവരോട്.
കള്ളന്മാരെ പേടിച്ച് ദുരന്തഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകരുത്.
മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാൾ അറിയാതെ പോകരുത്.
മുരളി തുമ്മാരുകുടി