തമിഴ്‌നാട്ടില്‍ ചിന്നമ്മ മുഖ്യമന്ത്രി പദത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രി പദത്തിലേക്ക്. ഇത് സംബന്ധിച്ച ധാരണ എ.ഐ.ഡി.എം.കെയില്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി എം.എള്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്തയാഴ്ച ശശികലയുടെ സത്യപ്രതിഞ്ജ കാണുമെന്നറിയുന്നു. ശശികല പാര്‍ട്ടി ജനറല്‍സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിപദവും ഏറ്റെടുക്കണമെന്ന ആവശ്യം പ്രവര്‍ത്തകരില്‍ ശക്തമായിരുന്നു. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറും പാര്‍ട്ടിയുടെ പ്രചരണവിഭാഗം സെക്രട്ടറിയുമായ എം. തമ്പിദുരൈ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജയലളിതയുടെ പ്രധാന ഉപദേശകയും മുന്‍ചീഫ് സെക്രട്ടറിയുമായ ഷീലാ ബാലകൃഷ്ണ്‍ രാജിവച്ചു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് തമിഴ്‌നാട് ഭരണം നിയന്ത്രിച്ചിരുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനായിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സെക്രട്ടറിമാരായിരുന്ന വെങ്കിട്ടരാമന്‍, മാമലിംഗ എന്നിവരോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. 2102ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിരമിച്ച വെങ്കിട്ടരാമന് അഞ്ച് വര്‍ഷത്തേക്ക് ജയലളിത കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഷീലാബാലകൃഷ്ണന്റെ കാലാവധി മാര്‍ച്ച് 31നേ അവസാനിക്കൂ. പക്ഷെ, അതിന് മുമ്പ് അവര്‍ രാജിവച്ചു.