ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നിലവിലുള്ള സിവിൽ കോഡ് വർഗീയമാണെന്നും വിവേചനമില്ലാത്ത മതേതര സിവിൽ കോഡ് അനിവാര്യമാണെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ സിവില്‍ കോഡ് ഭിന്നിപ്പ് ഉണ്ടാക്കുന്നതാണെന്നും മതേതര ബദലിനായാണ് വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുപത്തിയഞ്ച് വർഷത്തിലേറെയായി നിലവിലെ നിയമം നമ്മൾ സഹിക്കുകയാണ്. “രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്കില്‍ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മോചിതരാകാൻ സാധിക്കുകയുള്ളു” – പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കും എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏകീകൃത സിവില്‍ കോഡ് നിലവിലുള്ളത്.