ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ചിട്ടുള്ള ലൈംഗികപീഡന പരാതികൾ അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ ഉന്നയിച്ചിട്ടുള്ള ലൈംഗികപീഡന പരാതികൾ അന്വേഷിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടപടികള്‍ക്ക് സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം മുറുകിയിരുന്നു. റിപ്പോര്‍ട്ടില്‍ ഉൾപ്പെട്ടിട്ടുള്ള മൊഴികളിൽ കേസെടുത്ത് അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. ഈ ഘട്ടത്തില്‍ തന്നെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനും നടന്‍ സിദ്ദിഖിനും എതിരെ വ്യത്യസ്ത ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതോടെയാണ് അന്വേഷണത്തിന് ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പോലീസ് യോഗത്തിനു ശേഷമാണ് തീരുമാനം വന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ തുടരുന്നതിനാല്‍ അതിന്മേൽ തൽക്കാലം തീരുമാനമൊന്നും ഇല്ല. രഞ്ജിത്തിനും സിദ്ദിഖിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളാകും ആദ്യം അന്വേഷിക്കുക.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. ഡിഐജി എസ്.അജിതാ ബീഗം, എസ്പിമാരായ ജി.പൂങ്കുഴലി, മെറിൻ ജോസഫ്, ഐശ്വര്യ ഡോങ്ക്‌റെ, വി.അജിത്, എസ്.മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടാകുക.

നടിമാര്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രം അന്വേഷണം എന്ന മുന്‍നിലപാട് മാറ്റിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. അന്വേഷണം വേണം എന്ന ആവശ്യം ഇടതുമുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടെയാണ് സര്‍ക്കാരും നിലപാട് മാറ്റിയത്. ആരോപണങ്ങള്‍ മുറുകിയതോടെ ഇന്ന് രാവിലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖും പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയിൽ നിന്ന് രഞ്ജിതും ഒഴിയുകയായിരുന്നു.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ വിളിപ്പിച്ച ശേഷം രഞ്ജിത്ത് തങ്ങിയ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി കൈകളിലും മുടിയിലും തലോടി. കഴുത്തില്‍ കൈ പതിഞ്ഞപ്പോള്‍ താന്‍ മുറിവിട്ടുപോവുകയാണ് ചെയ്തത് എന്നാണ് നടി പറഞ്ഞത്.

സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് തന്നെ തിരുവനന്തപുരം  മസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് വിളിച്ചുവരുത്തി. അതിനുശേഷം മുറി പൂട്ടിയിട്ട് ലൈംഗികപീഡനം നടത്തി എന്നാണ് യുവ നടിയുടെ ആക്ഷേപം. ഈ രണ്ട് ആരോപണങ്ങളും സിനിമാമേഖലയെ പിടിച്ചുകുലുക്കിയിരിക്കെയാണ് സര്‍ക്കാര്‍ ഐപിഎസുകാര്‍ മാത്രം അടങ്ങിയ ഏഴംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത് എന്ന് ശ്രദ്ധേയമാണ്.