നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി നടി. ഇ-മെയിലായാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച നടിയാണ് ഇന്ന് പൊലീസിൽ പരാതി നല്‍കിയത്.
2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് നടി പറഞ്ഞത്. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്നു കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും നടി ആരോപിച്ചിരുന്നു. 2013ലാണ് ഇടവേള ബാബുവിൽ നിന്നു മോശം പെരുമാറ്റമുണ്ടായത് എന്നാണ് നടി പറഞ്ഞത്. അമ്മയിൽ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്ന് നടി പറയുന്നു. നടിക്ക് അമ്മയിൽ അംഗത്വം ലഭിച്ചില്ല.











































