മലയാള സിനിമയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്തത് 17 കേസുകൾ. പരാതികളുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ അടക്കം നിരവധി സിനിമാ താരങ്ങളെയും സിനിമാ പ്രവർത്തകരെയും പ്രത്യേക അന്വേഷണ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2013ൽ സിനിമാ സെറ്റിൽവച്ച് ഒരു നടൻ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി സോണിയ മൽഹാർ ആണ് ഏറ്റവും ഒടുവിൽ പരാതി നൽകിയത്. തൻ്റെ ആരോപണങ്ങളുമായി നടൻ ജയസൂര്യയെ കൂട്ടിക്കെട്ടരുതെന്നും അവർ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
നടൻമാരായ എം മുകേഷ് എംഎൽഎ, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരായ വെളിപ്പെടുതലിന് ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്ന് നടി നടി മിനു മുനീർ പറഞ്ഞു. ഇന്നലെ വൈകിട്ട് ലഭിച്ച ഭീഷണി സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നടിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കൊച്ചിയിലെത്തി.
‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിൽ ശുചിമുറിയിൽ പോയി തിരിച്ചിറങ്ങുമ്പോൾ തന്നെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു മിനുവിൻ്റെ വെളിപ്പെടുത്തൽ. താൻ കുതറി പുറത്തേക്ക് ഓടുകയായിരുന്നു എന്നും നടി തുറന്നു പറഞ്ഞിരുന്നു . ‘അമ്മ’ മുൻ സെക്രട്ടറി ഇടവേള ബാബു തന്നെ സംഘടനയിൽ അംഗത്വമെടുക്കാൻ സഹായിക്കാനെന്ന വ്യാജേന തൻ്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. സിപിഎമ്മിൻ്റെ എംഎൽഎയായ നടൻ മുകേഷിൻ്റെ കിടപ്പറ പങ്കിടാനുള്ള ക്ഷണം നിരസിച്ചതിനാൽ തനിക്ക് അംഗത്വം നിഷേധിച്ചു എന്നീ ആരോപണങ്ങളാണ് നടി ഉയര്‍ത്തിയത്.
ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളിൽ മലയാള സിനിമ ആടിയുലയുകയാണ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നടിയുടെ തുറന്നു പറച്ചിലിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെ പദവി തെറിച്ചു. താരസംഘടന ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളെ അതിജീവിക്കാനാവാതെ സംഘടനയുടെ ഭരണ സമിതി തന്നെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. നടി രേവതി സമ്പത്തിൻ്റെ പരാതിയെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതിന് പിന്നാലെയാണ് പ്രസിഡൻ്റ് മോഹൻലാൽ അടക്കമുള്ളവർ കൂട്ടരാജി നൽകിയത്. നടനും എംഎൽഎയുമായ മുകേഷിനെതിരെ ഒന്നിലധികം പരാതി വന്ന പശ്ചാത്തലത്തിൽ സർക്കാരും കുരുക്കിലായിരിക്കുകയാണ്.