പാമ്പാടി നെഹ്റു കോളേജിൽ നിന്ന് നാല് വിദ്യാർത്ഥികളെ പുറത്താക്കി

വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകി എന്നാരോപിച്ചാണ് മാനേജ്മെൻ്റിൻ്റെ നടപടി.

പാമ്പാടി നെഹ്റു കോളേജിൽ നിന്ന് നാല് വിദ്യാർത്ഥികളെ  മാനേജ്മെൻ്റ് പുറത്താക്കി. കോളേജ് അധികൃധർ നടത്തിയ കൊടിയ പീ‍ഡനത്തിൽ മനം നൊന്ത്  ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതിനെ തുടർന്ന്  വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് നേതൃത്വം നൽകി എന്നാരോപിച്ചാണ് നടപടി. സുഹൃത്തിൻ്റെ മരണത്തിൽ മനം നൊന്ത് പ്രതികരിച്ച അരുൺ, നിഖിൽ, സുമേഷ്, മുഹമ്മദ് എന്നിവർക്കാണ് മാനേജ്മെൻ്റിൻ്റെ പ്രതികാര നടപടി നേരിടേണ്ടി വന്നത് . ഇവരെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് രക്ഷിതാക്കൾക്ക് ലഭിക്കുകയായിരുന്നു. കോളേജ് അധികൃധരുടെ നടപടിയിൽ വ്യപകമായ അമർഷം കുട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ട് .

കഴിഞ്ഞ ദിവസങ്ങളിൽ ഫാർമസി വിഭാഗത്തിന് ക്ളാസുകൾ ആരംഭിച്ചിരുന്നു.  സമരം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച്  വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട് . ഇതോടെ  ക്ളാസുകൾ മുടങ്ങാനാണ് സാധ്യത.

ജിഷ്ണുവിൻ്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ പോലീസും സർക്കാരും മാനേജുമെൻ്റിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട് .സർക്കാർ നടപടികൾ സുതാര്യമല്ല എന്നാരോപിച്ച് എ.ഐ.വൈ.എഫ് പന്ത്രണ്ടാം തീയതി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് വി മുരളാധരൻ കോളേജ് സന്ദർശിച്ചിരുന്നു. ലോ അക്കാദമിയിലെ സമരം  തീർന്ന സാഹചര്യത്തിൽ   മാധ്യങ്ങളുടെയും സംഘനകളുടെയും ശ്രദ്ധ പാമ്പാടി നെഹ്റു കോളേജിലേക്ക് മടങ്ങിയെത്തും.