ക്ഷേത്രപൂജാരിയായി ബംഗാളി സ്വദേശി

ക്ഷേത്രപൂജാരിയായി ബംഗാളി സ്വദേശി. എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ രണ്ടു ക്ഷേത്രത്തില്‍ ബംഗാളി സ്വദേശിയാണ് പൂജ ചെയ്യുന്നത്. എലവഞ്ചേരി, തേവര്‍കുളം ശിവക്ഷേത്രം, നെന്മാറ, വിത്തനശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ കൃഷ്ണനഗറില്‍ പരേതനായ കിത്തീസ് ദേവ്‌നാഥിന്റെ മകന്‍ ശങ്കര്‍ (35) പൂജാദികര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.

മൂന്നുവര്‍ഷം മുമ്പ് തരവന്തേടത്ത് കുടുംബത്തിന്റെ തേവര്‍കുളം ശിവക്ഷേത്രത്തില്‍ പൂജാരിയായി. അതുവരെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാറുള്ള ക്ഷേത്രം ശങ്കറിന്റെ വരവോടെ ദിവസവും തുറന്നു. ഒപ്പം വിത്തനശേരി അയ്യപ്പക്ഷേത്രത്തിലും പൂജ ഏറ്റു.
കുടുംബത്തിന്റെ പട്ടിണി മാറ്റാനാണ് ശങ്കര്‍ മുംബൈയിലേക്ക് വണ്ടി കയറിയത്. അവിടെ കുറേക്കാലം ഹോട്ടലില്‍ പണിയെടുത്തു. 12 വര്‍ഷംമുമ്പ് പാലക്കാട്ടെത്തി. പാലക്കാട് കല്‍പ്പാത്തി സ്വദേശി വിശ്വനാഥനെ പരിചയപ്പെട്ടതോടെയാണ് പൂജാരിയായത്. രണ്ടു വര്‍ഷം പല ജോലിയും ചെയ്തു. എലവഞ്ചേരിയിലെ ജ്യോതിഷിയും തന്ത്രിയുമായ ചന്ദ്രവാധ്യാര്‍ എന്ന ചെല്ലപ്പയ്യരെ വിശ്വനാഥന്‍ പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ കളത്തില്‍ കൃഷിപ്പണിയുമായി കഴിഞ്ഞു. ഒപ്പം പൂജാവിധികളും പഠിച്ചു.

75 വയസ്സായ അമ്മയ്ക്ക് എല്ലാ മാസവും മുടങ്ങാതെ പണം അയക്കുന്നുണ്ടെന്ന് ശങ്കര്‍ പറഞ്ഞു. മലയാളവും ഹിന്ദിയും സംസ്‌കൃതവും ബംഗാളിയും അറിയാം. വൈഷ്ണവ വിശ്വാസികളായ ശങ്കറിന്റെ കുടുംബാംഗങ്ങളും ക്ഷേത്ര പൂജാരികളാണ്.