ദളിത് പീഡനം: ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്റില്‍

തലശ്ശേരി: ചുവപ്പു മുണ്ടുടുത്തതിന് ദലിത് യുവാക്കളുടെ ഉടുമുണ്ട് പറിച്ചെറിഞ്ഞു മര്‍ദിച്ചശേഷം റോഡിലൂടെ നടത്തിക്കുകയും ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ടെമ്പിള്‍ഗേറ്റിലെ അണിയേരി ശ്രീജേഷ് (36), നങ്ങാറത്ത്പീടികയിലെ ടി.കെ വികാസ് (30) എന്നിവരെയാണു തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടലൂരിലെ സന്തോഷ്‌കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെ ജനുവരി 18ന് തലായിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരാണ് അപമാനിക്കപ്പെട്ടത്. മാഹിയിലെ സഹോദരിയുടെ വീട്ടിലേക്കു കൂട്ടുകാരന്‍ വിപിനേഷിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു അക്രമം. കുട്ടിമാക്കൂല്‍ സ്വദേശികളാണെന്നു തിരിച്ചറിഞ്ഞതോടെ ഒരുസംഘം റോഡിലേക്കു കുതിച്ചെത്തി ബൈക്ക് തടഞ്ഞ് യുവാക്കളെ വലിച്ചിട്ടു മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഉടുമുണ്ട് പറിച്ച് തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്കെറിഞ്ഞു. പിന്നീട് മുണ്ടില്ലാതെയാണ് ഇരുവരെയും റോഡിലൂടെ നടത്തിച്ചത്. സംഭവസമയത്ത് പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലൂടെ പൊലിസ് സാന്നിധ്യവും വ്യക്തമായിരുന്നു.

അക്രമികളില്‍ നിന്നു കുതറിയോടിയ യുവാക്കള്‍ തൊട്ടപ്പുറത്തെ വീട്ടിലെത്തി മുണ്ടുവാങ്ങി ഉടുത്താണു നാട്ടിലും പിന്നീട് സഹകരണ ആശുപത്രിയിലും എത്തിയത്.

പട്ടികജാതി ക്ഷേമസമിതി ഏരിയാ സെക്രട്ടറിയും മുനിസിപ്പല്‍ തൊഴിലാളി യൂനിയന്‍ നേതാവുമായ ശശീന്ദ്രന്റെ മകനാണു പ്രിന്‍സ്. ഓട്ടോഡ്രൈവര്‍ വിനോദന്റെ മകനാണു വിപിനേഷ്.