ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡുദാനവും

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് അറ്റ് ലാന്റാ ചാപ്റ്റരിന്റെ വര്‍ണ്ണോജ്ജ്വല ആഘോഷം.

”സകലവിധ സ്വാതന്ത്ര്യവും മതേതരത്വവും നീതിയും എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ സുപ്രധാനമായ പല ഘടകങ്ങളും അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും കടമെടുത്തിട്ടുള്ളതാണ്. ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ പൊതു താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും ഐക്യമാനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിനെ ഈയവസ്സരത്തില്‍ അനുമോദിക്കുന്നു.” ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബിന്റെ അറ്റ് ലാന്റാ ചാപ്ടര്‍ സംഘടിപ്പിച്ച വര്‍ണ്ണശബളമായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും അവാര്‍ഡ് നൈറ്റിന്റെയും ഉദ്ഘാടനം ചെയ്തുകൊണ്ട് അറ്റ് ലാന്റയിലെ ഇന്ത്യന്‍ കൊണ്‍സല്‍ നാഗേഷ് സിംഗ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യയിലെപ്പോലെ വിവിധ ജാതി മത രാഷ്ട്രീയ സാംസ്‌കാരിക സമൂഹങ്ങളെ ഒരേപോലെ തുല്യാവകാശമുള്ളവരായി കണക്കാക്കുന്നതിനോടൊപ്പം, അടിസ്ഥാനപരമായ ജനാധിപത്യവ്യവസ്ഥയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര സമാധാനത്തിനും അമേരിക്കയും ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനാഘോഷങ്ങളിലും അവരോടൊപ്പം പങ്കുചേര്‍ന്ന് ആഘോഷിക്കുന്നതിനും പ്രത്യേക സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ജനാധിപത്യത്തിന്റെ നെടുംതൂണായ പത്രസ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഐ ഏ പി സീ എന്നറിയപ്പെടുന്ന ഈ പ്രസ്സ് ക്ലബ്ബിന്റെ ഇതുവരെയുള്ള കര്‍മ്മപരിപാടികളില്‍ താന്‍ അതീവ സന്തുഷ്ടന്‍ ആണെന്നും പ്രസ്സ് ക്ലബ്ബിന്റെ ക്രിയാത്മകമായ കര്‍മ്മപരിപാടികള്‍ക്ക് എല്ലാ വിധ സഹായസഹകരണങ്ങളും അദ്ദേഹം നേരുകയും ചെയ്തു.

അറ്റ് ലാന്റയിലെ ഗ്ലോബല്‍ മാളിലുള്ള ഏഷ്യാനാ ബാങ്ക്വറ്റ് ഹാളില്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അറ്റ് ലാന്റാ ചാപ്റ്റര്‍ ജനുവരി ഇരുപത്തിയെട്ട് ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡു നൈറ്റും വിവിധ തലത്തിലുള്ള മുഖ്യാതിഥികളുടെ വ്യക്തിപ്രഭാവം കൊണ്ടും സാന്നിധ്യം കൊണ്ടും പ്രൌഡോജ്വലമായിരുന്നു. സമ്മേളന ഹാളിലെ അലങ്കാരങ്ങളും, പ്രദര്‍ശനത്തിനു വെച്ചിരുന്ന രാജസ്ഥാനി ഓയില്‍ പെയിന്റിങ്ങുകളും, മൌണ്ട് വ്യൂ ഹൈസ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി നൃത്തനൃത്യങ്ങളും നയനമനോഹരമായിരുന്നു.

ഐ.എ.പി.സി നാഷണല്‍ വൈസ് പ്രസിഡന്റും വിവിധ ചാനലുകളില്‍ സുദീര്‍ഘകാലം അവതാരകയുമായിരുന്ന മിനി നായര്‍, ഈ പ്രസ് ക്ലബ്ബിന്റെ കാഴ്ചപ്പാടുകളെപ്പറ്റി ഒരു പരിചയപ്പെടുത്തലോടുകൂടിയാണ് ചടങ്ങുകള്‍ക്ക് ആമുഖം കുറിച്ചത്. ഷൈനി അബൂബക്കറും കല്യാണി സുധീറും അവതാരകര്‍ ആയി തുടര്‍ന്നുള്ള കാര്യപരിപാടികള്‍ മനോഹരമായി കൈകാര്യം ചെയ്തു സദസ്സ്യരുടെ കൈയടി വാങ്ങി. അറ്റ്ലാന്റാ ചാപ്ടറിന്റെ ട്രഷറര്‍ കൂടിയായ നൈനാന്‍ കോടിയാട്ടിന്റെ പ്രാര്‍ഥനാഗാനത്തിനുശേഷം ഇന്ത്യയുടെയും അമേരിക്കയുടെരും ദേശീയഗാനങ്ങള്‍ ആലപിച്ചശേഷം വിഷിഷ്ടാതിഥികളെ പൂക്കള്‍ കൊടുത്ത് സ്റ്റേജിലേക്ക് ആനയിച്ചു.

ഇന്ത്യന്‍ കോണ്‍സല്‍ നാഗേഷ് സിംഗ്, ഡെപ്യൂട്ടി കോണ്‍സുല്‍ ഡി.വി. സിംഗ്, ഗ്വിനെറ്റ് കൌണ്ടി ബോര്‍ഡ് ഒഫ് കമ്മീഷനെഴ്‌സ് ചെയര്‍പേഴ്‌സന്‍ ഷാര്‍ലെറ്റ് നാഷ്, അമേരിക്കയിലെ ഗാന്ധി ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആന്റണി തളിയത്ത്, ജോയി റ്റീവീ ചീഫും ബിസിനസ്സ് പ്രമുഖനുമായ പി.ഐ. ജോയി, എന്‍ ആര്‍ ഐ പള്‍സ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ വീണാ റാവു, ഐ ഏ പി സീ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോമിനിക് ചക്കോണല്‍ തുടങ്ങിയ മുഖ്യാതിഥികളെയും സദസ്യരേയും ഐ ഏ പി സീ ചാപ്റ്റര്‍ ജമാലുദീന്‍ മസ്ഥാന്‍ഖാന്‍ സ്വാഗതം ചെയ്തു.
ദേശീയതലത്തില്‍ പത്രക്കാരെയും മറ്റു മാദ്ധ്യമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണി നിരത്തി നല്ല മാദ്ധ്യമ സംസ്‌കാരം നിലനിര്‍ത്തുന്നതിനും അവരുടെ പ്രോത്സാഹനത്തിനുമായി 2013 ല്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് രൂപീക്രുതമായതിനെപ്പറ്റിയും, തുടര്‍ന്ന് 2016 സെപ്ടമ്പറില്‍ അറ്റ്ലാന്ടാ ചാപ്ടറിന്റെ ഉത്ഘാടനം ഡെപ്യൂട്ടി കോണ്‍സുല്‍ ഡി. വി. സിംഗ് ഉത്ഘാടനം ചെയ്തതും ഐ ഏ പി സീ അറ്റ്ലാന്റ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോമിനിക് ചക്കോണല്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ടിലധികം ചാപ്റ്ററുകള്‍ അമേരിക്കയിലും കാനഡയിലും ആരംഭിക്കുന്നതിനും, ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട് തുടങ്ങിയ സിറ്റികളില്‍ ഓരോ വര്‍ഷവും സംഘടിപ്പിച്ച അന്തര്‍ദേശിയ മാധ്യമ സെമിനാറുകളുടെ വൈവിധ്യവും വിജയവും അന്തര്‍ദേശീയ ശ്രധയാകര്ഷിച്ചതും അധ്യക്ഷന്‍ എടുത്തുപറയുകയുണ്ടായി. വൈവിധ്യത്തില്‍ എകത്വമായി നടത്തുന്ന ഈ ആഘോഷത്തില്‍ സമൂഹത്തില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ വ്യക്തികളെയും മത്സരങ്ങളില്‍ വിജയിച്ചവരെയും ആദരിച്ച് അവാര്‍ഡുകള്‍ നല്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഒരു നല്ല അഭ്യൂദയകാംക്ഷിയുമായ ഗ്വിനെറ്റ് കമ്മ്യൂണിറ്റി ചെയര്‍ പെഴ്‌സന്‍ ഷാര്‍ലെറ്റ് നാഷിനെപ്പോലെയുള്ളവരുടെ മഹനീയ സാന്നിദ്ധ്യത്തിന് പ്രത്യേകം സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് മുഖ്യാതിഥി നാഗേഷ് സിംഗ് തന്റെ ഉത്കൃഷ്ട ചിന്തകളെ പങ്കു വെച്ചത്.