ജനതാദള്‍ എസ് സംസ്ഥാന നിര്‍വാഹ സമിതി തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്

170 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ വോട്ടുചെയ്തത് 174 പേര്‍; കള്ളവോട്ട് നടന്നത് മന്ത്രിയും എം.എല്‍.എമാരും മുന്‍ പ്രസിഡന്റുമാരുടെയും സാന്നിധ്യത്തില്‍; തെരഞ്ഞെടുപ്പ് വീണ്ടും നടത്തും

 

കോട്ടയം: ഞായറാഴ്ച എറണാകുളത്ത് നടന്ന ജനതാദള്‍-എസ് സംസ്ഥാന നിര്‍വാഹക സമിതി തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അസാധുവാക്കി. 170 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 173 ബാലറ്റുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വോട്ടെടുപ്പ് അസാധുവായി വരണാധികാരിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ബഞ്ചമിന്‍ പോള്‍ പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ പ്രസിഡന്റും മന്ത്രിയുമായ മാത്യു.ടി.തോമസ്, പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ നീല ലോഹിതദാസ നാടാര്‍, എന്‍.എം ജോസഫ് എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് കള്ളവോട്ട് നടന്നതെന്നതും പാര്‍ട്ടിക്ക് നാണക്കേടായി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. കൃഷ്ണന്‍കുട്ടിയെ തെരഞ്ഞെടുത്തതു മുതല്‍ പാര്‍ട്ടിയില്‍ തുടങ്ങിയ ഗ്രൂപ്പ് പോര് ഇതോടെ രൂക്ഷമാകുകയാണ്. പുതിയ തെരഞ്ഞെടുപ്പ് 20ന് എറണാകുളത്ത് നടത്തും.

64 അംഗ നിര്‍വാഹക സമിതിയെ തെരഞ്ഞെടുക്കാനായി 20 ദേശീയ സമിതിയംഗങ്ങളും 140 സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളും, 12 ജില്ലാ പ്രസിഡന്റുമാരും, രണ്ടു മുന്‍ സംസ്ഥാന പ്രസിഡന്റുമാരുമടക്കം 174 പേര്‍ക്കായിരുന്നു വോട്ടുണ്ടായിരുന്നത്. ഇവരില്‍ നാലുപേര്‍ യോഗത്തിനെത്തിയിരുന്നില്ല. ആകെ വോട്ടെടുപ്പില്‍ പങ്കെടുത്തത് 170 പേരായിരുന്നുവെങ്കിലും 173 ബാലറ്റുകളാണ് ലഭിച്ചത്. 110 പേരാണ് സംസ്ഥാന നിര്‍വാഹക സമിതിയിലേക്ക് മത്സരിച്ചത്. വരണാധികാരിയായ ബഞ്ചമിന്‍ പോളിന് പുറമെ എര്‍ണാകുളം ജില്ലാ പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളാണ് വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുണ്ടായിരുന്നത്. വരണാധികാരിയുടെ ഒപ്പും സീലും വച്ചാണ് ബാലറ്റുകള്‍ നല്‍കിയത്. വോട്ടുചെയ്യാനെത്തിയവരെക്കാള്‍ എണ്ണം ബാലറ്റ് കിട്ടിയതോടെ ഹാളില്‍ വാക്കേറ്റവും ബഹളവും നടന്നു. ഇതോടെ ബാലറ്റുകള്‍ കത്തിച്ച് കളയാന്‍ വരണാധികാരി തീരുമാനിക്കുകയായിരുന്നു. ബഹളത്തിനൊടുവില്‍ പുതിയ തീയതി തീരുമാനിച്ച് യോഗം പിരിഞ്ഞു. നിലവിലെ പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, നീലലോഹിതദാസ നാടാര്‍, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, സി.കെ നാണു എം.എല്‍.എ, നിലവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമാണ് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയ കള്ളവോട്ടിന് ഇടയാക്കിയത്. പാര്‍ട്ടിയുടെ നയപരമായ തീരുാനമെടുക്കുന്ന നിര്‍വാഹ സമിതി പിടിച്ചെടുക്കുക എന്നതായിരുന്നു ഈ ഗ്രൂപ്പ് പോരിന് പിന്നില്‍.

ജില്ലാ തലത്തിലുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തിരുന്നില്ല. ഈ ജില്ലകളില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ പ്രധാന ഗ്രൂപ്പുകള്‍ വീതംവെച്ചെടുക്കുകയായിരുന്നു. വയനാട്, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുപ്പ് കോടതി തടഞ്ഞിരുന്നെങ്കിലും അത് മറികടന്നായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ജനതാദള്‍ സെക്യുലറിന്റെ അംഗീകാരം റദ്ദാക്കുപ്പെടുമെന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്.