ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

പദ്ധതി പ്രദേശം പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ പത്രകുറിപ്പ്.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്കുള്ള യാത്രാസൗകര്യത്തിനായാണ് വിമാനത്താവള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിലവില്‍ ശബരിമലയിലേക്ക് റോഡുഗതാഗതമാര്‍ഗം മാത്രമാണുള്ളത്. അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത,

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. വിമാനത്താവള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയെന്നറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പത്രകുറിപ്പില്‍ പദ്ധതി പ്രദേശം സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. നേരത്തെ കെ.പി.യോഹന്നാന്റെ എരുമേലിയിലെ വിവാദ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിലെ നിയമ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി അന്ന് തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പദ്ധതി പ്രദേശം വ്യക്തമാക്കാതെയുള്ള മുഖ്യമന്ത്രിയുടെ പത്രകുറിപ്പ്.