ജേക്കബ് തോമസിനെതിരേ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി

തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ സര്‍ക്കാരിന് 2.67 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ സെക്രട്ടറിയുടെ  റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കണമെന്നു ഹൈക്കോടതി.

ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. മെയ് ആദ്യവാരം ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനു മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ജേക്കബ് തോമസിന്റെ നിയമനം നിയമപരമല്ലെന്നും അതിനാല്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടാറായിരിക്കേ വകുപ്പിന്റെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അനുവദിച്ചതിനേക്കാള്‍ അധികം തുക ചെലവിട്ടെന്നും അനുമതിയില്ലാതെ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങിയെന്നും ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.