കോട്ടയം: വിവാദമായ മെത്രാന്‍ കായലിലെ കൃഷി വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പാടശേഖരത്തിന്റെ പുറം ബണ്ടു തകര്‍ത്തതിന് പിന്നില്‍ പാടശേഖരവുമായി ബന്ധമുള്ളവരെന്ന് സൂചന. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അഭിമാനപ്രശ്‌നമായി കണ്ട് തുടങ്ങിയ മെത്രാന്‍ കായലിലെ കൃഷിക്കുവേണ്ടി ഇതുവരെ 85 ലക്ഷം രൂപയാണ് ചിലവഴിച്ചത്. കൃഷിയുടെ സംരക്ഷണത്തിനായി ഇനിയും ലക്ഷങ്ങള്‍ മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നിരിക്കെയാണ് ബണ്ട് തകര്‍ക്കാന്‍ ശ്രമം നടന്നത്. ഇതുവരെ പുറം ബണ്ട് കെട്ടിയതടക്കം കൃഷിക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിന് ഒരു ടെന്‍ഡറും പാലിക്കാതെയാണ് പണം ചിലഴിച്ചിട്ടുള്ളത്.
പല ജോലികള്‍ക്കും തോന്നും പടിയായിരുന്നു തുക അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ബണ്ട് തകര്‍ത്തത് മനപൂര്‍വ്വമാണെന്ന സംശയം ബലപ്പെടുന്നത്. ബണ്ട് തകര്‍ന്നതിന്റെ മറവില്‍ കൂടുതല്‍ നിര്‍മ്മാണം നടത്തുന്നതിനായി കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഇതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന സൂചനകളും.
ചില ഉദ്യോഗസ്ഥരെയും, കരാറുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മാര്‍ച്ച് ആദ്യവാരം കൊയ്തിന് തയ്യാറാകുന്ന വിധത്തിലാണ് കൃഷി നടത്തിയിരിക്കുന്നത്. ബണ്ട് തകര്‍ത്ത സാഹചര്യത്തില്‍ മെത്രാന്‍ കായലില്‍ പോലീസ് പെട്രോളിങും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ മെത്രാൻ കായലിൽ കൃഷി നടത്താൻ ചിലവായ തുകയുടെ പകുതി പോലും വിളവെടുപ്പിലൂടെ ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
ലക്ഷങ്ങൾ ഉദ്യോഗസ്ഥർക്കും, കരാറുകാർക്കും അടിച്ചു മാറ്റാൻ മാത്രമാണ് ഇത് സഹായിച്ചിട്ടുള്ളതെന്നും കർഷകർ പറയുന്നു. നെല്ല് സംഭരിച്ചതിന്റെ പണം പോലും കൃത്യമായി നൽകാതെ കർഷകരെ പറ്റിക്കുന്ന സർക്കാർ കൃഷി പ്രോത്സാഹനത്തിന്റെ മറവിൽ ലക്ഷങ്ങൾ കായലിൽ കളയുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് കർഷകരും സംഘടനകളും.
 
            


























 
				
















