കെഎഎസ് നടപ്പാക്കല്‍ സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയില്‍ വന്‍ കൊഴിഞ്ഞു പോക്ക്

കെഎഎസ് നടപ്പാക്കുന്നതില്‍ സെക്രട്ടറിയേറ്റിലെ സി.പി.എം അനുസകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അടിത്തറ ഇളക്കുന്നു. കേരള അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെ വന്‍ കൊഴിഞ്ഞു പോക്ക് തുടരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം 300 പേരാണ് എംപ്ലോയീസ് അസോസിയേഷനില്‍ നിന്നു കൂട്ട രാജി വെച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടതുപക്ഷ ജീവനക്കാര്‍ സംഘടന വിടുന്നതോടെ സി.പി.എം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കൂടുതല്‍ ദുര്‍ബലമാകും. ഭരണ സിരാകേന്ദ്രത്തിലെ സംഘടനയില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത് സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ജീവനക്കാരെ അടച്ചാക്ഷേപിക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയും ചില മന്ത്രിമാരും സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മന്ത്രി ജി. സുധാകരന്‍ ജീവനക്കാരുടെ കാല് തല്ലി ഒടിക്കുമെന്ന് പറഞ്ഞത് സിപിഎം സംഘടനയ്ക്ക് തിരിച്ചടിയായി. സി.പി.ഐ സംഘടനയായ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ പരമാവധി മുതലെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

പരമാവധി ഇടതുപക്ഷ ജീവനക്കാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനാണ് സി.പിഐ സംഘടനയുടെ നീക്കം. ജീവനക്കാരുടെ ചുവടുമാറ്റം സി.പി.എമ്മിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ സി.പി.എം അനുകൂല സംഘടനയും കോണ്‍ഗ്രസ് അനുകൂല സംഘടനയും ഏകദേശം തുല്യ ശക്തികളാണ്.

സി.പി.എം സംഘടനകളുടെ കൊഴിഞ്ഞു പോക്ക് പാര്‍ട്ടിക്ക് സെക്രട്ടറിയേറ്റിലെ സ്വാധീനം നഷ്ടമാക്കാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ട്. മറ്റു ഓഫീസുകളിലും ഈ സ്ഥിതി ആവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ണ്ണായക സ്വാധീനം നഷ്ടപ്പെടുമോയെന്നും സി.പി.എം ഭയക്കുന്നു.