കുവൈറ്റ് അബ്ബാസിയായില്‍ വീണ്ടും ആക്രമണം മലയാളി നേഴ്‌സിന് കുത്തേറ്റു ; മോഷണ ശ്രമമെന്ന് സംശയം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ അബ്ബാസിയയില്‍ വീണ്ടും മോഷണ ശ്രമം. മലയാളി നേഴ്‌സിനു നേരെയാണ് ആക്രമണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞെത്തിയ നേഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുന്നതിനിടെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജുവിന്റെ ഭാര്യ ഗോപിക ബിജോ (27)വിനെയാണ് ഗുരുതരമായ പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗോപികയും ബിജോയും താമസിക്കുന്നത് അബ്ബാസിയ ട്വന്റിഫോര്‍ ഫാര്‍മസി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലായിരുന്നു.

മോഷണ ശ്രമമായിരുന്നെന്നാണ് സംശയിക്കുന്നത്. മല്‍പ്പിടുത്തത്തിനിടയിലാണ് ഗോപികയ്ക്ക് വയറിനും കാലിന്റെ തുടയിലും മുഖത്തും കുത്തേല്‍ക്കുന്നത്.  കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

മോഷണ ശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടര്‍ന്ന് രണ്ടാം നിലയില്‍ നിന്നും രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ തന്നെ താഴത്തെ നിലയിലെത്തി ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് ഗോപികയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.