പിങ്ക് പൊലീസ് പെണ്ണുങ്ങള്‍ക്ക് പാരയാവുന്നു; മറ്റൊരു വെള്ളാനയാകുമോ എന്ന് ആശങ്ക

സ്ത്രീ സംരക്ഷണത്തിനും സുരക്ഷക്കുമായി രൂപം കൊടുത്ത പിങ്ക് പൊലീസ് സ്ത്രീകള്‍ക്ക് വന്‍ പാരയായി മാറുന്നു. പ്രത്യേക പരിശീലനം നേടിയവനിതാ പൊലീസുകാരെ ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് രൂപീകരിച്ച പിങ്ക് പൊലീസ് പട്രോളിന്റെ പേരില്‍ പൊലീസ് പിടിച്ച പുലിവാല്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

തിരുവനന്തപുരം കനകക്കുന്നില്‍ എത്തിയ യുവതിയോടും യുവാവിനോടും അപമര്യാദയായി പിങ്ക് പൊലീസുകാര്‍ പെരുമാറിയ സംഭവത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. കനകക്കുന്നില്‍ തോളില്‍ കയ്യിട്ടിരുന്ന യുവതിയേയും യുവാവിനെയു പിങ്ക് പോലീസ് പിടികൂടിയത് വന്‍ വിവാദമായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യല്‍ യുവാവ് ഫെയ്‌സ് ബുക്കിലൂടെ ലൈവായി കാണിച്ചിരുന്നു.

ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് പിങ്ക് പൊലീസിന്റെ റോളിനെക്കുറിച്ച് സ്ത്രീകള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍, കോളേജ് തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുക എന്നതാണ് പിങ്ക് പൊലീസ് പട്രോളിന്റെ മുഖ്യലക്ഷ്യം. ഈ ലക്ഷ്യത്തില്‍ നിന്ന് പിന്മാറി നിയമം കയ്യിലെടുക്കാനാണ് പിങ്ക് പൊലീസിലെ വനിതാ പൊലീസുകാര്‍ക്ക് താല്‍പര്യം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചതാണ് പുലിവാലായിരിക്കുന്നത്.

സദാചാര പോലീസ് ചമച്ച് യുവാവിനെയും യുവതിയേയും പിടിച്ചതിനെ കുറിച്ചന്വേഷിക്കാന്‍ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുകയാണ്. സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പിങ്ക് പൊലീസിന്റെ സദാചാര ഗുണ്ടായിസം.

പകല്‍നേരം എ.സി വണ്ടിയില്‍ സുഖസവാരി. ഇടയ്‌ക്കെപ്പോഴെങ്കിലും കൗമാരക്കാരെ കണ്ടാല്‍ നാല് വിരട്ട്. പിന്നെ കണ്ണുരുട്ടും.

മ്യൂസിയം, കനകക്കുന്ന് വളപ്പില്‍ കോളേജ് പിള്ളേരെ സദാചാരം പഠിപ്പിക്കലാണ് മറ്റൊരു പ്രധാന ജോലി. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഉടന്‍ പ്രത്യക്ഷപ്പെടും. സദാചാര ക്ലാസും തുടങ്ങും. എല്ലാം കഴിഞ്ഞ രാത്രി എട്ടിന് വണ്ടിയൊതുക്കും. പിങ്ക് വണ്ടി ചൂണ്ടിക്കാണിച്ച് ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോട് ചോദിച്ചു. ‘ചേട്ടാ ശരിക്കും ഇവര്‍ക്കെന്താ പണി ?” ഓ… അങ്ങനൊന്നുമില്ല. ഇതൊക്കെ തന്നെ.’

‘കാണുന്നില്ലേ… ഈ കറക്കം, പിന്നെ പിള്ളാരെപ്പിടുത്തം…” കൂട്ടച്ചിരി.

ഇതുകൊണ്ട് സ്ത്രീകള്‍ക്കെന്തെങ്കിലും ഗുണം ? ഗുണം പിങ്ക് കാറിലിരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ പെങ്ങളേ…”

കോളേജ് പിള്ളാരെ വിരട്ടാനുള്ളതല്ല ഈ സംവിധാനമെന്ന് അറിയുന്നവര്‍ അനങ്ങാതിരുന്നാല്‍ സദാചാര പൊലീസ് എന്ന ചീത്തപ്പേര് മാത്രമാവും മിച്ചം.

രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പിങ്ക് പട്രോളിംഗ്. യഥാര്‍ത്ഥത്തില്‍ രാത്രിയാണ് പിങ്ക് പൊലീസിന്റെ സേവനം സ്ത്രീകള്‍ക്കാവശ്യം ഒരു ധൈര്യത്തിന് ഡ്രൈവര്‍ സീറ്റിലെങ്കിലും പുരുഷ പൊലിസ് ഇല്ലാതെ ഈ പാവങ്ങളെങ്ങനെ രാത്രിയില്‍ പെട്രോളിംഗിനിറങ്ങും.

24 മണിക്കൂര്‍ സേവനമായിരുന്നു ലക്ഷ്യമെങ്കിലും വനിതാ പൊലീസുകാര്‍ മാത്രമുള്ള വാഹനമായതിനാലാണ് സേവനം. രാത്രി എട്ടിന് അവസാനിപ്പിക്കേണ്ടി വരുന്നത്. രാത്രിയില്‍ പട്രോളിംഗ് ഇല്ലെങ്കില്‍ പദ്ധതി കൊണ്ടെന്തു പ്രയോജനം എന്നാണ് സ്ത്രീകളുടെ ചോദ്യം. പകല്‍ നേരത്താരെങ്കിലും 1515 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നോക്ക്, കിട്ടിയാല്‍ അതൊരത്ഭുതമാകും.

പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചും പരക്കെ ആക്ഷേപമുണ്ട്. ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ബാഗും മൊബൈല്‍ ഫോണും ഐഡി പരിശോധനയും ആണോ സംഘത്തെ ഏല്‍പ്പിച്ചതെന്നു തോന്നും. വിനോദ കേന്ദ്രങ്ങളില്‍ ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെപ്പോലും സംശയദൃഷ്ടിയോടെയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞദിവസം നഗരത്തിലെ ഒരു പ്രധാന കേന്ദ്രത്തിലെ ബസ് സ്റ്റോപ്പില്‍ നിന്ന പെണ്‍കുട്ടിയോടുള്ള പെരുമാറ്റം ഇങ്ങനെ.

ഒരു ബസ് വന്നിട്ട് പെണ്‍കുട്ടി കയറിയില്ല. ബസ് പോയ ഉടനെ പൊലീസ് കുട്ടിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്ത് കൊണ്ട് ബസില്‍ കയറിയില്ല ? എവിടെ പോകുന്നു ?  രേഖകള്‍ കാണിക്ക്. പേടിച്ചരണ്ട പെണ്‍കുട്ടി കരഞ്ഞതോടെയാണ് സംഘം ദൗത്യത്തില്‍ നിന്ന് പിന്മാറിയത്. കനകക്കുന്നില്‍ രണ്ടു പേരെ വിരട്ടാനായി ചെന്നപ്പോള്‍ സംഭവം ഫെയ്‌സ്ബുക്ക് ലൈവ് വൈറലായതോടെ പുലിവാലായി.

പിങ്ക് പദ്ധതിയുടെ ആദ്യകാലത്ത് ബസ് സ്റ്റോപ്പുകളിലും ബസുകളിലും പൂവാലന്മാരെയും പ്രശ്‌നക്കാരെയും പിടികൂടുമായിരുന്നു. അതെല്ലാം പഴയകഥ. സ്ത്രീകള്‍ രാത്രിയിലും പകലും ജോലി ചെയ്യുന്ന ടെക്‌നോപാര്‍ക്കിന് സമീപം പോലും പിങ്ക് പൊലീസിന്റെ സേവനം കിട്ടുന്നില്ലെന്നത് മറ്റൊരു സ്ഥിതി വിശേഷം.