കത്തോലിക്കാ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ഒതുക്കാന്‍ സഭയോടൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവും

കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം എച്ച്എസ്എസ് മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരിയെ സംരക്ഷിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും കൃസ്തീയസഭയോടൊപ്പം മുന്‍മന്ത്രി കൂടിയായ കണ്ണൂര്‍ ജില്ലയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവും.

പതിനാറുകാരിയായ പെണ്‍കുട്ടി മൂന്നാഴ്ചമുന്‍പാണ് സഭയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. സംഭവം പുറത്തറിഞ്ഞതുമുതല്‍ തന്നെ റോബിന്‍ വടക്കുംചേരിയെ സംരക്ഷിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും സഭാനേതൃത്വം അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള കോഴിക്കോട് ജില്ലക്കാരനായ വിവാദവ്യവസായിയുമായി ഉറ്റബന്ധമുള്ള വ്യക്തിയാണ് റോബിന്‍ വടക്കുംചേരി.

ഈ ബന്ധം വെച്ചാണ് വിവാദ വ്യവസായി വഴി സഭാനേതൃത്വം കണ്ണൂര്‍ ജില്ലയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിനെ ബന്ധപ്പെട്ടതും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ ചൈല്‍ഡ് ലൈന്‍ കേസ് ഏറ്റെടുത്തതോടെയാണ് സഭാനേതൃത്വം പിന്നോട്ട് പോയത്. ഒരു ഘട്ടത്തില്‍ കേസന്വേഷണം പൂര്‍ണ്ണമായും മരവിച്ചേക്കുമെന്ന ഘട്ടത്തില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക സ്വന്തം നിലയില്‍ കേസുമായി മുന്നോട്ട് പോകാന്‍ സന്നദ്ധയായി മുന്നോട്ട് വന്നിരുന്നു. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന തടസ്സങ്ങളെ മറികടന്ന് ചൈല്‍ഡ് ലൈനും പോലീസും ശക്തമായി മുന്നോട്ട് നീങ്ങിയതാണ് വികാരിയുടെ അറസ്റ്റ് വേഗത്തിലാക്കിയത്.

 

കൃസ്തുരാജ ആശുപത്രിയിലെ ഒരു വനിതാ ഗൈനക്കോളജിസ്റ്റാണ് രഹസ്യമായി പ്രസവത്തിനുള്ള സംവിധാനമൊരുക്കിയതും തുടര്‍ന്ന് വയനാട് ജില്ലയില്‍ സഭ നടത്തുന്ന അനാഥമന്ദിരത്തിലേക്ക് കുഞ്ഞിനെ മാറ്റിയതും. പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ഇതു സമ്പന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.