ആണ്‍കുട്ടിയെ പീഡിപ്പിച്ച വികാരിക്കെതിരെ കുറ്റം ചുമത്തി

ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുംബൈ ശിവാജി നഗര്‍ വികാരി ഫാ. ലോറന്‍സ് ജോണ്‍സണിനെതിരെ (52) കുറ്റം ചുമത്തി. അറസ്റ്റിലായി രണ്ടു വര്‍ഷത്തിനു ശേഷമാണ് കുറ്റം ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം(പോക്‌സോ) തുടങ്ങിയവ പ്രകാരമാണ് ഫാ. ജോണ്‍സണിനെതിരെ കേസെടുത്തിരിക്കുന്നത്.

2015 നവംബര്‍ 27-ന് പള്ളിയില്‍ സഹോദരനൊപ്പം എത്തിയ കുട്ടിയെ പ്രാര്‍ത്ഥനക്കു ശേഷം ബോക്‌സ് സൂക്ഷിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് ഫാ. മുറിയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2015 ഡിസംബര്‍ ഒന്നിന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായി കണ്ടെത്തുകയും ചെയ്തു.

കേസില്‍ അറസ്റ്റിലായ ഫാദര്‍ കഴിഞ്ഞ വര്‍ഷം പോക്‌സോ പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളി. 15 വര്‍ഷത്തോളമായി പുരോഹിത വൃത്തി തുടരുന്ന വ്യക്തിയാണ് പ്രതിയെന്നും അതിനാല്‍ ഇളവ് നല്‍കണമെന്നും പീഡനത്തിനിരയായ കുട്ടിക്കും സഹോദരങ്ങള്‍ക്കും പഠനത്തിന് ഇളവുകളും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കാമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് മുംബൈ അതിരൂപത മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറും. അതിനു ശേഷം സഭ തീരുമാനമെടുക്കും. അതിനിടെ പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം പ്രദേശത്ത് നിന്ന് താമസം മാറിയതായി ഇടവകയില്‍ പുതിയതായി സ്ഥാനമേറ്റ ഫാ. ജോണ്‍ അല്‍മീഡ അറിയിച്ചു.