മള്‍ട്ടിപ്ലക്‌സുകളെ മറയാക്കി ലാഭം കൊയ്യാന്‍ എ ക്ലാസ് തിയേറ്ററുകള്‍

* സിനിമാ നിര്‍മാണം പ്രതിസന്ധിയില്‍, * നിര്‍മാതാക്കള്‍ കുത്ത്പാളയെടുക്കും, * പുലിമുരുകന്റ ക്‌ളക്ഷന്‍ തിയേറ്ററുകാരെ മത്ത്പിടിപ്പിക്കുന്നു

-ആദി അനിത-
തിരുവനന്തപുരം: മലയാള സിനിമ നൂറ് കോടിയുടെ പളപളപ്പില്‍ മിന്നിത്തിളങ്ങുമ്പോള്‍ മള്‍ട്ടിപ്ലക്‌സുകളെ മറയാക്കി ലാഭം കൊയ്യാന്‍ എ ക്ലാസ് തിയേറ്ററുകള്‍ തയ്യാറായി. അതിന്റെ ഭാഗമായാണ് നിര്‍മാതാക്കള്‍ക്കുള്ള തിയേറ്റര്‍ വരുമാനത്തിന്റെ പത്ത് ശതമാനം ചര്‍ച്ച പോലും കൂടാതെ വെട്ടിക്കുറച്ചത്. ഇതിനെതിരെ നിര്‍മാതാക്കളും വിതരണക്കാരും രംഗത്തെത്തിയതോടെ ചലച്ചിത്രമേഖല വലിയ പ്രതിസന്ധിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16 മുതല്‍ മലയാള ചിത്രങ്ങളുടെ നിര്‍മാണം ഉണ്ടാവില്ലെന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു. പുലിമുരുകന്‍ 100 കോടി ഗ്രോസ് കളക്ഷന്‍ നേടിയതിന്റെ മറവിലാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വരുമാനവിഹിതം ഏകപക്ഷീയമായി കൂട്ടിയത്. നിര്‍മാണച്ചെലവ് അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം നിര്‍മാതാക്കളെ കുത്ത്പാളയെടുപ്പിക്കും. ഒരു സിനിമ ഹിറ്റായാല്‍ അതിലെ കോമഡി വേഷം ചെയ്തയാള്‍ അടുത്ത സിനിമയില്‍ 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുന്ന കാലമാണിത്.
നിലവില്‍ ഒരു സിനിമ റിലീസാകുമ്പോള്‍ എ ക്ലാസ് തിയേറ്ററുകളില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനം നിര്‍മാതാവിനും ബാക്കി തിയേറ്ററിനുമാണ്. രണ്ടാംവാരം 55 ഉം 45ഉം പിന്നീട് 50 ശതമാനം വീതവുമാണ് വരുമാനം പങ്കുവയ്ക്കുന്നത്. എന്നാല്‍ പുലിമുരുകന്‍ ആദ്യരണ്ടാഴ്ച 18 കോടിയോളം രൂപ കളക്ട് ചെയ്തതോടെയാണ് തങ്ങളുടെ വിഹിതം 10 ശതമാനം കൂട്ടാന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്. ‘ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആദ്യ വാരം 55 ശതമാനം മാത്രമേ നിര്‍മാതാക്കള്‍ വാങ്ങുന്നുള്ളൂ. അത് പാടില്ല. എല്ലായിടത്തും നിരക്ക് ഏകീകരിക്കണം. മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ തങ്ങളും നല്‍കുന്നുണ്ടെന്ന്’ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹിയായ ലിബര്‍ട്ടി ബഷീര്‍ ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു. തങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ അഡ്വാന്‍സ് നല്‍കിയാണ് സിനിമ കളിക്കുന്നത്. പബ്‌ളിസിറ്റിക്കായി നാല് ശതമാനം പണം ചെലവഴിക്കുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ഇത് രണ്ടും ബാധകമല്ലെന്നും’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പല തിയേറ്ററുകളും നവീകരിച്ചിട്ടുണ്ടെങ്കിലും മതിയായ സൗകര്യങ്ങളില്ലാത്ത നിരവധി തിയേറ്ററുകളുണ്ട്. തിരുവനന്തപുരത്ത് ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ തിയേറ്ററുകളില്‍ യാതൊരു നവീകരണവും നടത്താതെ നൂറ് രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. ഏറ്റവും പുതിയ ഡിജിറ്റല്‍ സൗണ്ടായ ഡോള്‍ബി അറ്റ്‌മോസ് മുതല്‍ നല്ല കസേരകളോ, മൂത്രപ്പുരകളോ പോലും ഈ തിയേറ്ററുകളിലില്ല. പാര്‍ക്കിംഗിന്റെ പേരില്‍ പോലും പകല്‍ക്കൊള്ളയാണ് ഇവര്‍ നടത്തുന്നത്. അതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ മനപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രമുഖ വിതരണ കമ്പനിയുടെ തിരുവനന്തപുരത്തെ മാനേജര്‍ പറഞ്ഞു.
‘ തിയേറ്റര്‍ ഉടമകളുടെ തീരുമാനം നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. 100 രൂപയുടെ ടിക്കറ്റ് വില്‍ക്കുമ്പോള്‍ ് 25 ശതമാനം കോര്‍പ്പറേഷനുകളില്‍ വിനോദനികുതി നല്‍കണം. ബാക്കി വരുന്ന 75 രൂപയില്‍ രണ്ട് രൂപ സര്‍വീസ് ടാക്‌സായി തിയേറ്റര്‍ ഉടമകള്‍ എടുക്കും ബാക്കി 43 രൂപമാത്രമാണ് നിര്‍മാതാവിന് ലഭിക്കുന്നത്. രണ്ടാഴ്ച കഴിയുമ്പോള്‍ വരുമാനവിഹിതം ഒരു പോലെയാകുമെങ്കിലും സര്‍വീസ് ടാക്‌സ് അടക്കം തിയേറ്ററുകാര്‍ക്ക് 45 രൂപ ലഭിക്കും. പിന്നെ 15 ശതമാനം സീറ്റുകള്‍ക്ക് 10 രൂപാ വീതം റിസര്‍വേഷന്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. പാര്‍ക്കിംഗ് ഫീസിനത്തിലും നല്ലൊരു തുക വരുമാനം ലഭിക്കുമെന്നും’ രഞ്ജിത് പറഞ്ഞു. ‘ മള്‍ട്ടിപ്ലക്‌സുകള്‍ കേരളത്തില്‍ വളരെ കുറവാണ്. അവര്‍ക്ക് 500 വരുമാനവിഹിതം നല്‍കുന്നത് ദേശീയതലത്തിലുള്ള തീരുമാനമാണ്. മാത്രമല്ല അവിടെ രാവിലെ 100 രൂപയാണെങ്കില്‍ വൈകുന്നേരം 200 രൂപയാണ് ടിക്കറ്റ് നിരക്ക്. അപ്പോള്‍ ഗ്രോസ് ക്‌ളക്ഷന്‍ കൂടും. 1600 സീറ്റുള്ള കവിതാ തിയേറ്ററില്‍ നിന്ന് ഒരു ദിവസം കിട്ടുന്ന കളക്ഷന്‍ മാത്രമേ 400 സീറ്റുള്ള മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ലഭിക്കൂ എന്നും’ രഞ്ജിത് പറഞ്ഞു.
പടം ഹിറ്റാണെങ്കില്‍ റിസര്‍വ്ഡ് ടിക്കറ്റും റിസര്‍വേഷന്‍ ചാര്‍ജ് ഈടാക്കി വില്‍ക്കും (അനധികൃതമായി). പുലിമുരുകന്‍ റിലീസായ ആദ്യ മൂന്നാഴ്ചകളില്‍ ഇത്തരത്തില്‍ ദിവസവും 20000 രൂപ വരെ ഉണ്ടാക്കിയ തിയേറ്ററുകളുണ്ട്. കൊല്ലം ധന്യ തിയേറ്ററിനെതിരെ ഇതേത്തുടര്‍ന്ന് ഒരു പ്രേക്ഷകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.