അമേരിക്കയില്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തിയില്‍

ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിന്റെ കൂടുതല്‍ സംഭവങ്ങള്‍ അമേരിക്കയില്‍ ആവര്‍ത്തിക്കുന്നു. ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചരണ കാലത്തു തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു എന്നാണ് സൂചന. കാന്‍സാസ് നഗരത്തില്‍ ശ്രീനിവാസ് കച്ചിബോട്ല അമേരിക്കക്കാരന്റെ വെടിയേറ്റു മരിച്ചതിനു ശേഷമാണ് അതിനു മുമ്പുണ്ടായ ചില സംഭവങ്ങള്‍ പുറത്തു വരുന്നത്.

ഗെറ്റ് ഔട്ട് ഒഫ് മൈ കണ്‍ട്രി, എന്ന പ്രയോഗം ഇന്ത്യക്കാര്‍ക്കെതിരെ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒളിഞ്ഞും തെളിഞ്ഞും ഇത് പറയുന്നു. ശ്രീനിവാസിന്റെ മരണത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ദീപ് റായി എന്ന സിഖുകാരനെതിരായ ആക്രമണം കൂടിയാപ്പോള്‍ പലയിടത്തും ഇന്ത്യക്കാര്‍ പരിഭ്രാന്തിയിലാണ്. ഇന്ത്യന്‍ സംഘടനകള്‍ പൊതുവായ ചില മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരനാണെന്നു പെട്ടെന്നു വെളിവാക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ പൊതു സ്ഥലത്തു വേണ്ട എന്നാണ് പ്രധാന നിര്‍ദേശം. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് കഴിവതും മാറി നില്‍ക്കാനും നിര്‍ദേശമുണ്ട്.

തിരക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ത്യകാരിയോട് ഗെറ്റ് ഔട്ട് ഒഫ് ഹിയര്‍ എന്ന് അമേരിക്കാരന്‍ ആക്രോശിക്കുന്നതിന്റെ വിഡിയോയ്ക്ക് വ്യാപക പ്രചാരം കിട്ടുന്നു. ഏക്ത ദേശായി എന്ന സ്ത്രീയോട് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ് ദേഷ്യപ്പെടുന്നത്. ഫെബ്രുവരി ഇരുപത്തിമൂന്നിനായിരുന്നു സംഭവം. ദൃശ്യങ്ങള്‍ ഏക്ത തന്നെയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ദി വോയിസ് റൈസര്‍ എന്ന വെബ്സൈറ്റ് ഈ വിഡിയോ പുറത്തു വിട്ടു. തന്റെ അനുഭവം ഏക്ത ഫേസ്ബുക്കില്‍ കുറിച്ചു, പതിവു ട്രെയിന്‍ യാത്രക്കിടെയായിരുന്നു അത്. ഹെഡ്ഫോണില്‍ പാട്ടു കേള്‍ക്കുകയായിരുന്നു. തുറിച്ചു നോക്കിക്കൊണ്ട് ഒരാള്‍ അടുത്തു വന്ന് ചീത്തവിളിക്കാന്‍ തുടങ്ങി. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. ഫോണില്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അയാളുടെ ദേഷ്യം ഇരട്ടിയായി. ഗെറ്റ് ഔട്ട് ഹിയര്‍ എന്ന് അയാള്‍ തുടര്‍ച്ചയായി ആക്രോശിക്കുന്നുണ്ടായിരുന്നു, ഏക്ത ഫേസ്ബുക്കില്‍ കുറിച്ചു.

താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഏക്ത പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകനും വോയ്സ് റൈസര്‍ സ്ഥാപകനുമായ കുന്ദന്‍ ശ്രീവാസ്തവയ്ക്കു കൈമാറുകയായിരുന്നു. വിഡിയോയ്ക്ക് അമേരിക്കക്കാരില്‍ നിന്നു വരെ അനുകൂല പ്രതികരണമാണ് കിട്ടുന്നത്. ഏക്തയെ അവഹേളിച്ചയാള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമം തുടരും, കുന്ദന്‍ പറഞ്ഞു.