കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കത്തോലിക്ക സഭക്കെതിരേ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയപാര്‍ട്ടികള്‍. സഭ പീഡനസംഭവം മറച്ചുവയ്ക്കുകയും കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നു ഇവര്‍ ആരോപിക്കുന്നു. സി.പി. എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി പാര്‍ട്ടികളാണ് സമരരംഗത്തുള്ളത്.
പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലേക്ക്  യുവജനസംഘടനകള്‍ മാര്‍ച്ചു നടത്തി. പീഡനസംഭവം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. പേരാവൂര്‍ എം.എല്‍.എയായ സണ്ണിജോസഫിനെ  മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എം നീങ്ങുന്നത്.
സണ്ണിജോസഫ് ഇക്കാര്യത്തില്‍ മൗനംപാലിച്ചുവെന്നാണ് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്റെ ആരോപണം. എന്നാല്‍, നിയമസഭാസമ്മേളനത്തില്‍ പങ്കെടുത്തതിനാലാണ് ഈ വിഷയത്തില്‍ ഇടപെടാത്തതെന്നായിരുന്നു എം.എല്‍.എയുടെ വിശദീകരണം.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ച എം. എല്‍. എ പീഡനക്കേസില്‍ അറസ്റ്റിലായ വൈദികന്‍ സി.പി.എമ്മിനായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചയാളാണെന്നും തിരിച്ചടിച്ചു. വിവാദ വ്യവസായിയുമായുള്ള വൈദികന്റെ ബന്ധം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സി.പി.എം കടന്നാക്രമണത്തെ പ്രതിരോധിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി വികാരിക്കെതിരേ  കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിറകെ മറ്റു പാര്‍ട്ടി നേതാക്കളും സഭയ്‌ക്കെതിരേയുള്ള സ്വരം കടുപ്പിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ സഭ കൂട്ടുനില്‍ക്കുന്നുവെന്നാണ് സി.പി.എം നേതാവ് പി ജയരാജന്റെ  ഫേസ്ബുക്കിലൂടെയുള്ള ആരോപണം.
കൊട്ടിയൂര്‍ പീഡന അന്വേഷണത്തില്‍ ഇടപെടാന്‍  തലശ്ശേരി അതിരൂപത നീക്കം നടത്തുന്നുവെന്ന് ഡി.വൈ.എഫ്.ഐയും ആരോപിക്കുന്നു. കേസൊതുക്കാന്‍ സഭ ശ്രമിച്ചുവെന്ന ആരോപണം ബി.ജെ.പിയും ഉയര്‍ത്തിയിട്ടുï്.
ഇതോടൊപ്പം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരേ നടപടിയുമായി സാമൂഹ്യക്ഷേമ വകുപ്പും മുന്നോട്ടുവന്നത് സഭയെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. എന്നാല്‍, കൊട്ടിയൂര്‍ സംഭവത്തിന്റെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ അപലപനീയമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത യോഗം  പ്രതികരിച്ചു.
കൊട്ടിയൂരില്‍ വൈദികന്‍ കൗമാരക്കാരിയെ പീഡിപ്പിച്ചതിന്റെ മറവില്‍ സഭയെയും വൈദികരേയും സഭാ സ്ഥാപന മേധാവികളെയും വിചാരണ ചെയ്യുന്നതില്‍ നിന്നു പിന്‍മാറണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് അടിയന്തരമായി വൈദിക സഹായം നല്‍കിയത് ക്രിമിനല്‍ കുറ്റാമാണെന്നു വ്യാഖ്യാനിച്ച് ആശുപത്രി മാനേജ്‌മെന്റിനെതിരേ കേസെടുക്കണമെന്നു പറയുന്നവരുടെ ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

 
            


























 
				
















