കൊട്ടിയൂരില്‍ നീതി അട്ടിമറിച്ച് ” നീതിക്കുവേണ്ടി കൈകള്‍ കോര്‍ക്കാന്‍” കേരളാ കാതലിക് ഫെഡറേഷന്റെ സാമൂഹ്യ നീതി സമ്മേളനം
വൈദീകര്‍ക്ക് ഓശാനപാടാനുള്ള സമ്മേളനത്തിനെതിരെ പ്രതിഷേധം ശക്തം.
മെയില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡില്‍ മാനന്തവാടി ബിഷപ്പിന്റെ രാജി ആവശ്യപ്പെടാന്‍ നീക്കം സജീവം
കോട്ടയം: ” നിയമം മൂലം നിരോധിച്ചിട്ടും മനുഷ്യരുടെ മലം ചുമക്കുന്ന 1,80,657 മാന്വല്‍സ്‌കാവഞ്ചേഴ്‌സ്’ തോട്ടിപണിക്കാര്‍ ഇന്ത്യയിലുണ്ടെന്ന് ഔട്ട്‌ലുക് റിപ്പോര്‍ട്ടര്‍ ഭാഷാസിങ് !!! സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനശ്വരയുടെ മൃതദേഹം സംസ്‌ക്കരികാന്‍ പാര്‍ട്ടി ഓഫീസിന്റെ അങ്കണമാണ് ലഭിച്ചത്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത അനശ്വരയുടെ മാതാപിതാക്കള്‍ ഹൃദ്രോഗബാധിതരാണ്. അനശ്വരയ്ക്ക് തുല്യമായ സങ്കടങ്ങള്‍ ഹൃദയത്തില്‍ പേറുന്നവരെ നമ്മള്‍ അറിയേണ്ടതല്ലേ?. വീണ്ടുമൊരു ആറു മാസംകഴിഞ്ഞാല്‍ എന്താകുമെന്ന ആകുലതയിലാണ് പശ്ചിമഘട്ടത്തിലെ ജനത. തീരത്തെ ജനത അവരുടെ കൂര പൊളിച്ച് വീടാകാന്‍ അധികാരിയുടെ പത്രം കിട്ടാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. അവന് മനസിലാകാത്ത സി.ആര്‍.ഇസഡ് വിഞ്ജാപനം സര്‍ക്കാര്‍ എന്നാണാവോ തിരുത്തുക? തുണ്ട് ഭുമിക്കു വേണ്ടി ആദിവാസി സഹോദരങ്ങള്‍ ഇപ്പോഴും’നില്‍ക്കുക’യാണ്. തെരുവില്‍ ഉയരുന്ന കരച്ചില്‍ നമ്മുടെ സഹോദരിയുടേതു തന്നെയാണ്. ഇനിയും നിശബ്ദരാകണോ??? കെ.സി.എഫ് സാമൂഹികനീതി സമ്മേളനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച്10 വെള്ളിയാഴ്ച വൈകിട്ട് 5.30ന് പി .ഒ.സിയില്‍. നിങ്ങളും വരണം നീതിക്കുവേണ്ടി കൈകള്‍ കോര്‍ക്കാന്‍”
മുകളില്‍ കാണുന്നത് വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ ആസ്ഥാന കേന്ദ്രമായ പി.ഒ.സിയില്‍ നടക്കുന്ന കേരള കാതലിക് ഫെഡറേഷന്റെ സാമൂഹിക നീതി സമ്മേളനത്തിന്റെ ഭാഗമായി നേതാക്കള്‍ തയ്യാറാക്കിയ വാചകങ്ങളാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്ന സമ്മേളനത്തില്‍ നേതാക്കളെ ആദരിക്കുന്നുമുണ്ട്. സമ്മേളനത്തിന്റെ അജണ്ടയായി നിശ്ചയിച്ചിരിക്കുന്നതാകട്ടെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമാണ്. എന്നാല്‍ നിലവില്‍ചര്‍ച്ച ചെയ്യേണ്ട ഏറ്റവും പ്രധനാപ്പെട്ട സാമൂഹിക വിഷയം അജണ്ടയിലില്ല എന്നതാണ് ഏറെ ചോദ്യമുയര്‍ത്തുന്നത്. മാനന്തവാടി രൂപതയില്‍ വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതും കെ.സി.വൈ.എം കോഓര്‍ഡിനേറ്റര്‍ നടത്തിയ പീഡനവും സഭയെ കുരുക്കിലാക്കുമ്പോള്‍ ഇതൊന്നും വിഷയമല്ലെന്നാണ് കേരളാ കാതലിക് ഫെഡറേഷനും പറയുന്നത്.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും മെത്രാന്‍മാരും, വൈദികരും പ്രധാന അല്‍മായ നേതാക്കളും പങ്കെടുക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ അല്‍മായ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. കത്തോലിക്കാ ഫെഡറേഷന്റെ പ്രവര്‍ത്തനത്തില്‍ വൈദീകര്‍ക്ക് സ്തുതി പാഠല്‍ മാത്രമല്ല വേണ്ടതെന്നാണ് പ്രധാന വിമര്‍ശനം. ഈ വിഷയത്തില്‍ സഭയെ അങ്ങനെ സംരക്ഷിക്കേണ്ടതില്ലെന്ന് യോഗത്തില്‍ ആവശ്യപ്പെടാന്‍ ചിലര്‍ തീരുമാനിച്ചിട്ടുണ്ട്. വൈദീകരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗരേഖ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കാതലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ അനുവദിക്കുമോയെന്ന സംശയവുമുണ്ട്. അതിനിടെ മെയില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡില്‍ കൊട്ടിയൂര്‍ പീഡനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു വരാനുള്ള സാധ്യത ഏറെയാണ്.
വൈദീകര്‍ പ്രതികളായ പീഡനക്കേസുകളില്‍ വൈദികരെ സംരക്ഷിച്ച യൂറോപ്പിലെ സഭയ്ക്ക് പിന്നീട് നേരിടേണ്ടിവന്ന പ്രതിഷേധവും കര്‍ദ്ദിനാള്‍മാരുടെ രാജിവരെയുള്ള സംഭവങ്ങളും കേരളത്തിലും ഉണ്ടാകുമെന്ന സന്ദേശം നല്‍കാന്‍ ചില വൈദീകര്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. കര്‍ദിനാളിന്റെ രാജിയില്ലെങ്കിലും മാനന്തവാടി രൂപത മെത്രാന്‍ ജോസ് പൊരുന്നേടമെങ്കിലും രാജി വച്ച് മുഖം രക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. സീറോ മലബാര്‍സഭയിലെ ഒരു പ്രമുഖനായ വൈദീകന്റെ നേതൃത്വത്തിലാണ് ഈ നീക്കം. അടുത്ത ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയിലെ വികാരി ജനറാള്‍മാരകെ നേരില്‍ കണ്ട് ഈയാവശ്യത്തിന് പിന്തുണ നേടുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
 
            


























 
				
















