ജേക്കബ് തോമസിന് ബിനാമി സ്വത്ത്; അന്വേഷിക്കണമെന്ന് ആവശ്യം 

ജേക്കബ് തോമസിന് തമിഴ്നാട് സേതൂരില്‍ 50 ഏക്കര്‍ ബിനാമി ഭൂമിയെന്ന് ആരോപണം 

സ്വത്തുവിവരത്തെക്കുറിച്ച് ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ഭൂമിയെക്കുറിച്ച് പറഞ്ഞിട്ടില്ല

അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി 

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തമിഴ്‌നാട്ടില്‍ ബിനാമി സ്വത്തെന്ന് പരാതി. അഴിമതി വിരുദ്ധ പോരാളിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം തമിഴ്‌നാട്ടില്‍ അനധികൃതമായി വസ്തു വാങ്ങിക്കൂട്ടിയതായി ആരോപണം.

വിരുദ നഗര്‍ ജില്ലയില്‍ രാജപാളയം താലൂക്കില്‍ സേതൂര്‍ വില്ലേജിലാണ് ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഈ സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജേക്കബ് തോമസ് കേന്ദ്രത്തിന് നല്‍കുന്ന സ്വത്ത് വിവരപട്ടികയില്‍ നിന്ന് മറച്ചു വെച്ചു എന്നാണ് ആരോപണം. ചേര്‍ത്തല സ്വദേശിയായ മൈക്കിള്‍ വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ജേക്കബ് തോമസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സമര്‍പ്പിക്കേണ്ട സ്വത്തു വിവര പട്ടികയില്‍ തമിഴ്‌നാട്ടിലെ സ്വത്ത് വിവരങ്ങള്‍ ഈ വര്‍ഷം ജനുവരി ഒന്നിന് സമര്‍പ്പിച്ച റിട്ടേണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയായ ഇസ്ര അഗ്രോ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ എന്ന മേല്‍വിലാസം ഉപയോഗിച്ചാണ് തമിഴ്‌നാട്ടില്‍ വസ്തു വാങ്ങിയത്. ഇതൊരു ബിനാമി ഇടപാടാണോ എന്നന്വേഷിക്കണമെന്നും മൈക്കിള്‍ വര്‍ഗ്ഗീസിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അഖിലേന്ത്യ സര്‍വീസ് റൂള്‍ പ്രകാരം സ്ഥാവര സ്വത്തുക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എല്ലാവര്‍ഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. 2001-ല്‍ വാങ്ങിയ ഈ 50 ഏക്കര്‍ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 2002-ലും 2003-ലും അദ്ദേഹം സ്വത്തു വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീടതു ഒഴിവാക്കി. ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരിലുള്ള വസ്തുവായിട്ടാണ് ഇക്കാലത്ത് ഈ 50 ഏക്കര്‍ ഭൂമി റിട്ടേണ്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ വസ്തു 2001 മുതല്‍ ജേക്കബ് തോമസിന്റെയോ പേരിലാണ്.

ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ വസ്തു വാങ്ങാന്‍ ഇദ്ദേഹം സര്‍ക്കാരിന്റെ അനുമതി നേടിയിട്ടില്ലെന്നാണറിയുന്നത്. മറൈന്‍ ഡ്രൈവിലുള്ള ഇസ്ര അഗ്രോ ടെക് എന്ന കമ്പനിയുടെ ഓഫീസ് അഡ്രസാണ് ഇദ്ദേഹം വസ്തു വാങ്ങുമ്പോള്‍ സ്വന്തം വിലാസമായി ആധാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകളൊന്നും സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നടന്ന വേളയില്‍ ഹാജരാക്കിയിട്ടുമില്ല. ഇസ്ര കമ്പനിയുടെ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് ഒരിക്കല്‍ പോലും അവരുടെ ഡയറക്ടര്‍ ആയിരുന്നില്ല. ഇത്തരത്തില്‍ വ്യാജവിലാസവും തെറ്റായ വിവരങ്ങളും ഉള്‍പ്പെടുത്തി സ്വത്ത് സമ്പാദനം നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് പരാതിയില്‍ പറയുന്നുണ്ട്.

ജേക്കബ് തോമസിന്റെ ബിനാമി കമ്പനിയാണ് ഇസ്ര അഗ്രോ ടെക്കെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ഇദ്ദേഹം മറച്ചു വെച്ചു എന്നതാണ് ഗുരുതരമായ കുറ്റം.

കര്‍ണാടകത്തിലും ഇത്തരത്തില്‍ ഇദ്ദേഹം വസ്തു ഇടപാട് നടത്തിയതിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജേക്കബ് തോമസിന്റെ വസ്തു ഇടപാടുകളെക്കുറിച്ച് സി.ബി.ഐ പോലുള്ള ഏജന്‍സി അന്വേഷിക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം.

jcb-paper01 jcb-paper02