ഐഎ പി സി  ഭാരവാഹികൾ ചുമതലയേറ്റു.

ന്യുയോര്‍ക്ക്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി ചുമതലയേറ്റു. മാര്‍ച്ച് നാലിന് ആന്റന്‍സില്‍, കമ്യൂണിറ്റി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. പദ്മശ്രീ പുരസ്‌കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ചടങ്ങില്‍ ആദരിച്ചു.

‘ദ സൗത്ത് ഏഷ്യന്‍ ടൈംസിന്റെയും ദ ഏഷ്യന്‍ ഇറയുടെയും മാനേജിഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്രയില്‍ നിന്നും ഐഎപിസി പ്രസിഡന്റ് സ്ഥാനം, ദ ഇന്ത്യന്‍ പനോരമയുടെ എഡിറ്ററും പബഌഷറുമായ പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജ ഏറ്റെടുത്തു. ചടങ്ങിലെ മുഖ്യാതിഥിയും നസുവാ കൗണ്ടി കംപ്‌ട്രോളറുമായ ജോര്‍ജ് മാര്‍ഗോസ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോരസണ്‍ വര്‍ഗീസ് (എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്), ജെയിംസ് കുരീക്കാട്ടില്‍, മിനി നായര്‍, അനില്‍ മാത്യു, ത്രേസ്യാമ നാടാവള്ളിയില്‍ (വൈസ് പ്രസിഡന്റുമാര്‍), ഈപ്പന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി), തമ്പാനൂര്‍ മോഹനന്‍, അരുണ്‍ഹരി, ഫിലിപ്പ് മാരേറ്റ്, ലിജോ ജോണ്‍ (സെക്രട്ടറിമാര്‍), ബിജു ചാക്കോ (ട്രഷറര്‍), സജി ചാക്കോ ( ജോയിന്റ് ട്രഷറര്‍), ജിനു ആന്‍ മാത്യു (പിആര്‍ഒ), രൂപ്‌സി അരൂള (നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍) തുടങ്ങിയവരാണ് മറ്റുഭാരവാഹികള്‍.

ഐഎപിസിയുടെ സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കമ്യൂണിറ്റി പത്രങ്ങളായ  എക്‌സ്പ്രസ് ഇന്ത്യയുടെയും, ഇന്ത്യ ദിസ് വീക്കിന്റെയും പബഌഷറും, ഡിസി ഹെല്‍ത് കെയര്‍ കിര യുടെ സിഇഒയും  എസ്എം റിയാലിറ്റിയുടെ പ്രസിഡന്റുമായ ബാബു സ്റ്റീഫനാണ് പുതിയ ചെയര്‍മാന്‍.

തന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാരംഭ ദിശയില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എച്ച്. ആര്‍. ഷാ സദസ്യരുമായി പങ്കുവെച്ചു. എന്നാല്‍, പതറാതെ മുന്നേറിയ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടിവി ഏഷ്യ ഇന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായി വളര്‍ന്നു. രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി തന്നെ ആദരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ഷാ തന്റെ നന്ദി രേഖപ്പെടുത്തി. ഐഎപിസിയുടെ ആദരവിനും അദ്ദേഹം നന്ദി പറഞ്ഞു.

തന്റെ ആത്മവിശ്വസവും ഉറച്ച തീരുമാനങ്ങളിലൂടെയും മാധ്യമരംഗത്തെ സ്വാധീനമായി മാറിയ വ്യക്തിയാണ് ഷായെന്ന്  പരീഖ് വേള്‍ഡ് വൈഡ് മീഡിയ ചെയര്‍മാന്‍ ഡോ. സുധീര്‍ പരീഖ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെയും ഇന്‍ഡോ അമേരിക്കന്‍ മീഡിയ അതിനായി നടത്തുന്ന ശ്രമങ്ങളെയും  കംപ്‌ട്രോളര്‍ മാര്‍ഗോസ് പ്രശംസിച്ചു. നസുവാ കൗണ്ടി എക്‌സിക്യൂട്ടീവ് ആകാനുള്ള തന്റെ താല്‍പ്പര്യവും അദ്ദേഹം പ്രസംഗമധ്യേ വെളിപ്പെടുത്തി.

മീഡിയകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് നേടുന്നതിനുള്ള കഠിന ശ്രമങ്ങളെക്കുറിച്ചു സെന്റര്‍ ഫോര്‍  കമ്യൂണിറ്റി ആന്റ് എത്‌നിക് മീഡിയ കോ-ഡയറക്ടര്‍ ജഹാംഗീര്‍ ഘട്ടക് വിവരിച്ചു. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ് കുമാര്‍ മൊഹപത്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡോ. വി.കെ രാജു, ഡോ. ലീല രാജു എന്നിവരുടെ  ‘മ്യൂസിംഗ്‌സ് ഓണ്‍ മെഡിസിന്‍,മിത് ആന്റ് ഹിസ്റ്ററി-ഇന്ത്യാസ് ലഗസി’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

ന്യൂ ജേഴ്‌സി സ്ട്രീറ്റ് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച സ്‌കിറ്റും പ്രയോഗ് കല്‍പിത ചകോട്ട് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തവും സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബങ്കാര നൃത്തവും ചടങ്ങിനു കൊഴുപ്പേകി.

പരസ്പര സഹകരണം ഉറപ്പാക്കി ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമസമൂഹത്തിന്റെ ശബ്ദമായി മാറിയ ഐഎപിസി 2013ലാണ് രൂപീകരിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലുമായി ആറു ചാപ്റ്റുകളാണ് ഐഎപിസിക്കുളളത്. ആരംഭഘട്ടം കനത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയായം മറികടക്കാനായി. രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ് നടത്തിക്കൊണ്ടാണ് ഐഎപിസി മാധ്യമസമൂഹത്തില്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍വര്‍ഷങ്ങളിലും പ്രമുഖമാധ്യമപ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് അമേരിക്കന്‍ മണ്ണില്‍ അന്താരാഷ്ട്രമാധ്യമസമ്മേളനം നടത്താനായത് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണ്.