റാന്‍സംവേര്‍ സൈബര്‍ ആക്രമണം: ആന്ധ്രാ പോലീസിന്റെ കംപ്യൂട്ടര്‍ ശൃംഖല തകര്‍ത്തു

ന്യൂഡല്‍ഹി: നൂറോളം രാജ്യങ്ങളില്‍ ഉണ്ടായ റാന്‍സംവേര്‍ വൈറസ് ആക്രമണം ഇന്ത്യയേയും ബാധിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് പോലീസിന്റെ നൂറോളം കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) അറിയിച്ചു.

ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം എന്നീ ജില്ലകളിലെ 18 യൂണിറ്റുകളിലായാണ് ആക്രമണമുണ്ടായത്. വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. പിഴപ്പണം അടച്ചാലേ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്ന സന്ദേശം നല്കുകയും കംപ്യൂട്ടറുകളും ഫയലുകളും ഉപയോഗിക്കാനാവാതാകുകയും ചെയ്യുന്നതാണു റാന്‍സംവേര്‍ വൈറസ്.