ടെക്‌സാസിൽ ട്രക്ക് കത്തി മരിച്ച മലയാളിയുടെ മൃതദേഹം ജന്മനാട്ടിൽ കൊണ്ടുവന്നു സംസ്കരിക്കും

ഹൂസ്റ്റണ്‍: ഏപ്രില്‍ രണ്ടിന് ടെക്‌സസിലെ വീലര്‍ കൗണ്ടിയിലുള്ള ഷാംറോക്ക് സിറ്റിക്കടുത്തു വച്ച് ട്രക്ക് കത്തി മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും. കാനഡയിലെ ടൊറന്റോയില്‍ നിന്നും കാലിഫോര്‍ണിയയില്‍ പോയി മടങ്ങവേയുണ്ടായ അപകടത്തില്‍ മരിച്ച ആറന്മുള സ്വദേശി ശ്രീജു നായരുടെ (36) മൃതദേഹം മെയ് 23 ന് ന്യൂയോര്‍ക്കില്‍ നിന്നാണ് നാട്ടിലേക്കു കൊണ്ടുപോകുന്നത്.
ഡി.എന്‍.എ ടെസ്റ്റ് നടത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കി, വീട്ടുകാരുടെ ആഗ്രഹ പ്രകാരമാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ശ്രീജുവിന്റെ പിതൃസഹോദരിയും ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റുമായ പൊന്നുപിള്ള പറഞ്ഞു. മെയ് 25 നു രാവിലെ പത്തിനും ഒരു മണിക്കും ഇടയ്ക്ക് ആറന്മുള ഇടശേരിയമലയിലുള്ള ശ്രീവിഹാര്‍ വീട്ടുവളപ്പിലാവും സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.
ആറന്മുള ഇടശേരിമല ശ്രീജു നിവാസില്‍ രാജന്‍ നായര്‍ (റിട്ട. ആര്‍മി) – കമലമ്മ (റിട്ട അധ്യാപിക) ദമ്പതികളുടെ മകനാണ് ശ്രീജു. സഹോദരി സിന്ധു (കുവൈറ്റ്). ശ്രീജുവിന്റെ ഭാര്യ രേണു ആറന്മുള സ്വദേശിനിയാണ്. മകന്‍: ആദില്‍. മസ്‌കറ്റില്‍ ഐടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന ശ്രീജു രണ്ടു വര്‍ഷം മുമ്പാണ് കാനഡയിലേക്കു കുടിയേറിയത്. ടൊറന്റോയ്ക്കടുത്ത് ഒന്റാരിയോ ലണ്ടനിലാണ് താമസിച്ചിരുന്നത്. പൊന്നുപിള്ള, രേണു, ഡാളസിലുള്ള പിതൃസഹോദരന്‍ സോമന്‍ നായര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനു വേണ്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് ഡാളസിലുള്ള ഫൊക്കാന നേതാവ് മന്മഥന്‍ നായരാണെന്ന് പൊന്നുപിള്ള അറിയിച്ചു. ഈ അപകടത്തില്‍ ശ്രീജുവിനൊപ്പം മരിച്ച എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് പറമ്പത്തിന്റെ (45) സംസ്‌കാരം ടൊറന്റോയില്‍ നടത്തി.