ക​ന്നു​കാ​ലി വി​ൽ​പ്പ​ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വരുത്തിയേക്കും; പോത്തിനെ ഒഴിവാക്കും

ന്യൂഡൽഹി: സംസ്ഥാനങ്ങൾ എതിർപ്പ് ശക്തമാക്കിയതോടെ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തുമെന്നു സൂചന. നിയന്ത്രണത്തിൽനിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കാനാണു നിർദേശം.

നിയമത്തിലെ കന്നുകാലി നിർവചനത്തിൽനിന്നും പോത്തിനെ ഒഴിവാക്കുമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറി എ.എൻ. ഝാ ഇന്നലെ പറഞ്ഞത്. ഇതു സംബന്ധിച്ചു ചില പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ പരിശോധനകൾനടന്നു വരുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി. മേയ് 26ന് ഇറക്കിയ അന്തിമവിജ്ഞാപനത്തിൽ പശു, കാള, പോത്ത്, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നീ മൃഗങ്ങളെയാണ് കന്നുകാലി നിർവചനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

രൂക്ഷമായ എതിർപ്പുകൾക്കിടയിലും കഴിഞ്ഞ ജനുവരിയിൽ കരട് വിജ്ഞാപനം ഇറക്കിയിട്ടും ഈ വിഷയത്തിൽ ആരുംതന്നെ പ്രതികൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ന്യായീകരിച്ചിരുന്നത്. കരട് വിജ്ഞാപനത്തിൽ പ്രതികരിച്ച 13 പേരും പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയായിരുന്നുവെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിനു പുറമേ, തമിഴ്നാടും കർണാടകയും പശ്ചിമ ബംഗാളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ശക്തമായ എതിർപ്പ് ഉന്നയിച്ചു. ജനങ്ങൾ എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു നാഗ്പുരുനിന്നും ഡൽഹിയിൽനിന്നുമല്ലെന്നു സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും കേന്ദ്രത്തിനെതിരേ ശക്തമായി നിലയുറപ്പിച്ചു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിരോധനത്തിനെതിരേ രംഗത്തുവന്നു. തമിഴ്നാട്ടിൽ ഡിഎംകെയാണ് ഈ വിഷയത്തിൽ കേന്ദ്രത്തെ അപലപിച്ചു രംഗത്തെത്തിയത്.

ഭരണഘടനാവിരുദ്ധമായ കേന്ദ്ര തീരുമാനത്തെ എതിർക്കുമെന്നാണ് മമത ബാനർജി വ്യക്തമാക്കിയത്. ഇതു പോലൊരു നിയമം അടിച്ചേൽപ്പിക്കരുതെന്നാണു കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്: മമത വിശദീകരിച്ചു.