അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ രൂപത്തില്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രതിമയുടെ പണികള്‍ അവസാന ഘട്ടത്തില്‍. പ്രതിമ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. എന്നാല്‍, ഏറ്റവും വലിയ പ്രതിമയെന്ന വിശേഷണം ഈ സ്മാരകത്തിന് അധികനാള്‍ ഉണ്ടാവില്ലെന്നാണ് സൂചന. ഛത്രപതി ശിവജിയുടേതായി മുംബൈയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമ ഉയരത്തില്‍ പട്ടേല്‍ സ്മാരകത്തെയും മറികടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്സമീപമുള്ള സാധുബേട് ദ്വീപിലാണ് ഐക്യപ്രതിമ സ്ഥാപിക്കുന്നത്. 2013ല്‍ നിര്‍മ്മാണം ആരംഭിച്ച വെങ്കലപ്രതിമയുടെ അവസാനവട്ട മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളാണ്. ഇവരില്‍ ചൈനയില്‍ നിന്നുള്ള നൂറുകണക്കിന് ജോലിക്കാരും ഉള്‍പ്പെടുന്നു.
182 മീറ്റര്‍ ഉയരമുള്ള ഐക്യപ്രതിമ അഹമ്മദാബാദിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുതരുമെന്നാണ് പ്രതീക്ഷ. ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചതായിരുന്നു 2990 കോടി രൂപ ചെലവിലുള്ള പ്രതിമ നിര്‍മ്മാണം. എന്നാല്‍, ഇപ്പോള്‍ ഐക്യപ്രതിമയെ പിന്നിലാക്കിക്കൊണ്ട് ഛത്രപതി ശിവജിയുടെ പ്രതിമ മുംബൈയില്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പ്രതിമ മുംബൈയില്‍ കടല്‍ത്തീരത്തോട് ചേര്‍ന്നാവും സ്ഥാപിക്കുക. ഇതിനും നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത് ഐക്യപ്രതിമയുടേതിന് സമാനമായ കണക്കിലാണ്.
കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന ശിവജിയുടെ രൂപത്തിലുള്ളതാകും 212 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ. ഇതിനോട് ചേര്‍ന്ന് പാര്‍ക്കും ഹെലിപ്പാഡും മ്യൂസിയവും നിര്‍മ്മിക്കും. വരുന്ന തിരഞ്ഞെടുപ്പില്‍ മറാഠി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കമാണിതെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്. കടലിനോട് ചേര്‍ന്ന് പ്രതിമ വരുന്നതിനെ പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും എതിര്‍ക്കുകയാണ്. മത്സ്യസമ്പത്തിനെ പ്രതിമനിര്‍മ്മാണം പ്രതികൂലമായി ബാധിക്കുമെന്നതാണ് എതിര്‍പ്പിന് കാരണം.
ഉയരത്തില്‍ അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ വലിപ്പം. ചൈനയിലെ ഹെനാനിലുള്ള സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധന് ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.