തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയും പ്രത്യേക കുടുംബമായി താമസിക്കുന്നയാളുമാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്വം മാത്രം. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. കുടുംബാംഗങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാര്‍ട്ടിക്കോ ഏറ്റെടുക്കാനാവില്ല. അത് അവര്‍തന്നെ അനുഭവിക്കണം- കോടിയേരി പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഇടപെടേണ്ട പ്രശ്നമല്ല.
പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട സമീപനവും നടപടിക്രമവുമാണ് മകന്റെ കാര്യത്തിലും ഞാന്‍ സ്വീകരിക്കുന്നത്. മറ്റുകാര്യങ്ങളെല്ലാം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല-അദ്ദേഹം വിശദീകരിച്ചു. മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ താന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി പറഞ്ഞു.