മദ്യശാലകൾക്ക് നിയന്ത്രണം: ബിവറേജസ് കോർപ്പറേഷൻ പുനപരിശോധനാ ഹർജി നൽകിയേക്കും 

ഉത്തരവ് നടപ്പാക്കേണ്ടി വന്നാല്‍ ബെവ്കോയുടെ പകുതിയോളം ഷോപ്പുകള്‍ പൂട്ടേണ്ടി വരും

നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വരുമാന മാര്‍ഗ്ഗങ്ങളായ ലോട്ടറിയെയും ടൂറിസത്തെയും സാരമായി ബാധിച്ചു

ദേശീയ -സംസ്ഥാന പാതയോരത്തെ മദ്യ വിൽപ്പന ശാലകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ബിവറേജസ് കോര്‍പ്പറേഷന്‍ ഹര്‍ജി നല്‍കിയേക്കും. ഉത്തരവ് നടപ്പാക്കേണ്ടി വന്നാല്‍ ബെവ്കോയുടെ പകുതിയോളം ഷോപ്പുകള്‍ പൂട്ടേണ്ടി വരും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോര്‍പ്പറേഷനെയും സര്‍ക്കാരിനെയും നയിക്കും.

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മദ്യവില്പന. നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറ്റു വരുമാന മാര്‍ഗ്ഗങ്ങളായ ലോട്ടറിയെയും ടൂറിസത്തെയും സാരമായി തന്നെ ബാധിച്ചു. ഈ ഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നത് ബിവറേജസ് കോര്‍പ്പറേഷനാണ്. നടപ്പ് സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നിന്നും കടം മേടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിയുടെ പരമാവധി തുക മേടിച്ചു കഴിഞ്ഞു. സ്വതവേ സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിലടക്കം ബുദ്ധിമുട്ടിലാകും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ നികുതി വരുമാനം എന്തായിരിക്കുമെന്ന കാര്യത്തിലും ധനകാര്യവകുപ്പിന് കടുത്ത ആശങ്കകളുണ്ട്.

സുപ്രീംകോടതി വിധി നടപ്പായാല്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ജനസാന്ദ്രതയുള്ള കേരളത്തിലെ സ്ഥിതിഗതികള്‍ വിഭിന്നമാണ്. ബെവ്കോയുടെതു മാത്രം  270 ഷോപ്പുകളില്‍ 110 എണ്ണം ആണ് മാറ്റി സ്ഥാപിക്കേണ്ടി വരിക. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും തുറക്കുന്നതിനുമുള്ള പ്രാദേശികമായി ഉയരുന്ന എതിര്‍പ്പും കോര്‍പ്പറേഷന് പ്രതികൂല ഘടകമാണ്.

മുന്‍ സര്‍ക്കാരിന്‍റെ മദ്യനയത്തെ തുടര്‍ന്ന് പല ബാറുകളും പൂട്ടിപോയിരുന്നു. ഇവ പിന്നീട് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഉപയോഗിച്ചാണ് തുറന്നത്. കേരളത്തില്‍ എട്ട് നാഷണല്‍ ഹൈവേകളുടെയും 77 സ്റ്റേറ്റ് ഹൈവേകളുടെയും പരിസരത്തായി 580 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, പത്തോളം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പ് നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ പലതും പൂട്ടി പോകാനാണ് സാധ്യതയെന്നും എക്സൈസ് അധികൃതര്‍ തന്നെ പറയുന്നു.

സ്ഥിതിഗതികള്‍ ഈ വിധം രൂക്ഷമായതിനാല്‍ ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി എച്ച്. വെങ്കിടേഷ് വകുപ്പ് മന്ത്രിയെ കണ്ടു. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എച്ച്. വെങ്കിടേഷ് അറിയിച്ചു.