സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ടൊറന്റോയുടെ വണക്കമാസ പ്രാര്‍ത്ഥനായജ്ഞം മെയ് 31 സമാപിക്കും

ടൊറന്റോ: ടൊറന്റോയിലും പരിസരങ്ങളിലും താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സമൂഹത്തിനു നവചൈതന്യം പ്രദാനം ചെയ്തുകൊണ്ട് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ടൊറന്റോയുടെ ആഭിമുഖ്യത്തില്‍ മെയ് മാസം മുഴുവന്‍ നീണ്ടു നിന്ന വണക്കമാസ പ്രാര്‍ത്ഥനായജ്ഞം മെയ് 31 സമാപിക്കും
. ക്‌നാനായ വിശ്വാസികളുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ നിന്നും അഭിവന്ദ്യ പിതാക്കന്മാരാല്‍ വെഞ്ചരിച്ച് ഇവിടെ പ്രതിഷ്ഠിച്ച കടുത്തുരുത്തി മുത്തിയമ്മയുടെ രൂപം ഓരോ ഭവനങ്ങളിലും കൂടാരയോഗങ്ങളിലും പ്രതിഷ്ഠിച്ചുകൊണ്ട് ജപമാലയോടു കൂടിയ വണക്കമാസ പ്രാര്‍ത്ഥനയാണ് നടത്തി വരുന്നത്. മിഷന്റെ ഡയറക്ടറും ചാപ്ലിയനുമായ ഫാ.പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും മുത്തിയമ്മയുടെ രൂപം പ്രതിഷ്ഠിക്കപ്പെടുന്ന ഭവനത്തില്‍ വിശ്വാസികള്‍ ഒത്തു ചേരുകയും അകലങ്ങളില്‍ താമസിക്കുന്നവര്‍ ടെലിഫോണ്‍ ഗ്രൂപ്പ് കോള്‍ സൗകര്യം ഉപയോഗിച്ചു കൊണ്ട് പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയും ചെയ്യുന്നു. മെയ് 31 നു വൈകുന്നേരം 7 മണിക്ക് മിസിസാഗായിലുള്ള സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് വിശുദ്ധ കുര്‍ബാനയോടു കൂടി വണക്കമാസ പ്രാര്‍ത്ഥനായജ്ഞം സമാപിക്കുന്നതാണ്. ജോര്‍ജ് ആന്‍ഡ് റെജീന കളപ്പുരയ്ക്കല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് പ്രവര്‍ത്തിച്ചുകൊണ്ട് കൈക്കാരന്മാരും, കൂടാരയോഗ ഭാരവാഹികളും വികാരിയച്ചനോട് ചേര്‍ന്ന് പ്രാര്‍ത്ഥന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നു.