കാനഡയുടെ ഡിവൈന്‍ അക്കാദമിയുടെ സര്‍ഗസന്ധ്യ 2017 ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ടൊറന്റോ: സീറോ മലബാര്‍ ചര്‍ച്ച് , കാനഡയുടെ ആശീര്‍വാദത്തോടുകൂടി ഡിവൈന്‍ അക്കാദമി ഒരുക്കുന്ന സര്‍ഗസന്ധ്യ 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 250 കലാകാരന്മാര്‍ തത്സമയം അവതരിപ്പിക്കുന്ന സര്‍ഗസന്ധ്യ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളം ഷോയാണ്. കാനഡയില്‍ ഇതിനോടകം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കപ്പെട്ട പരിപാടിയും സര്‍ഗസന്ധ്യ തന്നെ. ജൂണ്‍ മൂന്നിന് ക്യൂന്‍സ് വേ ചര്‍ച്ച് തീയേറ്ററിലാണ് പരിപാടി. 150 കലാകാരന്മാര്‍ അണിനിരക്കുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബൈബിള്‍ സംബന്ധിയായ സംഗീത നാടകവും യുവജനങ്ങള്‍ അവതരിപ്പിക്കുന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് മ്യൂസിക്കല്‍ ‘ സര്‍ക്കിള്‍ ഓഫ് ലൈഫു’ മാണ് സര്‍ഗസന്ധ്യയുടെ ഭാഗമായി അരങ്ങേറുക. വൈകീട്ട് 5 നാണ് സര്‍ക്കിള്‍ ഓഫ് ലൈഫ് അവതരിപ്പിക്കപ്പെടുന്നത്. ഈ ബൃഹദ് മ്യൂസിക്കലില്‍ അഭിനയം, സംഗീത സംവിധാനം, കൊയര്‍, കൊറിയോഗ്രഫി, തിരക്കഥ, സംവിധാനം, മെയ്ക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ചര്‍ച്ചിലെ യുവജനങ്ങളാണ്. ഏവരും ജീവിതത്തില്‍ അവരവരുടെ സ്ഥാനവും ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് പറയുന്ന ഈ മ്യൂസിക്കലിന്റെ കാഴ്ചാനുഭവം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് സംഘാടകര്‍ പറുന്നു.ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: 416 873 8185, 416 877 2458.