ഹിന്ദു സംഘടനകള്‍ കാലി കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു

പാലക്കാട്: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ ഹിന്ദു സംഘടനകള്‍ കാലിക്കച്ചവടക്കാരില്‍നിന്ന് വന്‍തോതില്‍ പണപ്പിരിവു നടത്തുന്നു. കന്നുകാലികളെ കൊണ്ടുവരുന്ന വണ്ടികള്‍ കടത്തിവിടുന്നതിന് ഇവര്‍ വന്‍തുകയാണ് ആവശ്യപ്പെടുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. പണം നല്‍കാത്ത വണ്ടികള്‍ ഇവര്‍ തടയുകയും തിരിച്ചയയ്ക്കുകയുമാണെന്നാണ് ആരോപണം.

കേന്ദ്ര വിജ്ഞാപനം വന്നതോടെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കു കാലികളെ കൊണ്ടുവരുന്നതില്‍ വന്‍ ഇടിവാണ് ഉണ്ടായത്. കാലികടത്ത് ഏതാണ്ട് നിലച്ചു എന്ന ഘട്ടത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിജ്ഞാപനം സ്റ്റേ ചെയ്തത്. ഇതിനെത്തുടര്‍ന്ന് വ്യാപാരം പുനരാരംഭിച്ചപ്പോഴാണ് സംഘടനകള്‍ പണപ്പിരിവുമായി ഇറങ്ങിയിക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

തിരുപ്പൂരിനടുത്ത് കേരളത്തിലേക്കുള്ള കാലിവണ്ടികള്‍ തടഞ്ഞ് മൂന്നു ലോറിക്കാരില്‍നിന്നായി ഒരു ലക്ഷത്തിലേറെ രൂപ ഇവര്‍ വാങ്ങിയതായി മീറ്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എംഎം സലിം പറഞ്ഞു. ഹിന്ദു മുന്നണിയുടെ പ്രവര്‍ത്തകരാണ് എന്നു പറഞ്ഞാണ് ഇവര്‍ വണ്ടികള്‍ തടഞ്ഞത്. വ്യാപികള്‍ക്കു സംരക്ഷണം ആവശ്യപ്പട്ട് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരെ സമീപിച്ചിട്ടുണ്ടെന്നും സലിം അറിയിച്ചു.

വ്യാഴാഴ്ച രാത്രി കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വേലന്താവളം ചെക് പോസ്റ്റിനു സമീപം കാലിവണ്ടികള്‍ തടഞ്ഞ് തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. കോട്ടയത്തേക്കു കൊണ്ടുവരികയായിരുന്ന കാലികളെയാണ് തിരിച്ചയച്ചത്. കേന്ദ്ര വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ വന്നിട്ടുണ്ടെന്നും അതുകൊണ്ട് കാലികടത്തിനു തടസമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടും ഇവര്‍ വണ്ടികള്‍ കടത്തിവിടാന്‍ അനുവദിച്ചില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത.

കന്നുകാലി വ്യാപാരികള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ സമീപ കാലങ്ങളില്‍ വ്യാപകമായ അക്രമം വര്‍ധിപ്പിക്കാനേ കേന്ദ്ര വിജ്ഞാപനം ഉതകൂ എന്ന് വിമര്‍ശകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയിലെ അക്രമം തെക്കേ ഇന്ത്യയിലേക്കു പടരുകയാണോ എന്നു സംശയിക്കേണ്ടതുണ്ടെന്നുമാണ് അവരുടെ പക്ഷം.