ഷാപ്പിലെ ചോറും മീന്‍കറീം കൊടുത്ത് മമ്മൂട്ടിയെ പറ്റിച്ച നിര്‍മാതാവ്

തിരുവനന്തപുരം: മമ്മൂട്ടിക്ക് ഹോട്ടലിലെയും ലൊക്കേഷനിലെയും ആഹാരം പിടിക്കൂല. ഇഷ്ടമുള്ളത് അദ്ദേഹം സ്വന്തം കുക്കിനെ കൊണ്ട് പാചകം ചെയ്യിച്ച് കഴിക്കും. അതാണ് പണ്ട് മുതലേയുള്ള രീതി. പണ്ട് കാറിന്റെ ഡിക്കിയില്‍ സ്റ്റൗവും പാചക സാധനങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഇന്നത് കാരവനകത്താണ്. പിന്നെ കൊച്ചിയലാണ് ഷൂട്ടെങ്കില്‍ വീട്ടില്‍ നിന്ന് ഭാര്യ സുല്‍ഫിത്ത് ആഹാരം ഉണ്ടാക്കി കൊടുത്തയയ്ക്കും. കുറേ കൊല്ലംമുമ്പ് കൂക്കിന് അസുഖം പിടിപെട്ട സമയം ഉച്ചഭക്ഷണത്തിന് ചെമ്മീന്‍ പൊള്ളിച്ചതും അയലക്കറീം ചാള പൊരിച്ചതും ഒന്നും കിട്ടിയിരുന്നില്ല. അതോടെ താരത്തിന് ദേഷ്യം വന്നു. നമ്മള് ജോലി ചെയ്തിട്ട് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനായില്ലെങ്കില്‍ പിന്നെന്തിനാ ജീവിക്കുന്നതെന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു. ഒരു മണിയാകുമ്പോള്‍ ഭക്ഷണം ശരിയായില്ലെങ്കില്‍ മമ്മൂട്ടിക്കും മണിയന്‍പിള്ള രാജുവിനും ആധിയാണെന്ന് സിനിമയിലുള്ളവര്‍ക്കെല്ലാം അറിയാം. ഈ സമയത്താണ് ഒരു നിര്‍മാതാവ് വന്ന് മമ്മൂട്ടിയോട് കാര്യം തിരക്കിയത്.
ബാലചന്ദ്രമേനോന്റെ സുഹൃത്താണ് നിര്‍മാതാവ് പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂട്ടിക്ക് മനസിലായി. രണ്ട് മണി കഴിഞ്ഞിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ‘എന്റെ ഭാര്യ നല്ല കുക്കാണെന്നും നാളെ മുതല്‍ ഉച്ചയ്ക്ക് ഭക്ഷണം എത്തിക്കാമെന്ന്’ നിര്‍മാതാവ് പറഞ്ഞപ്പോള്‍ താരത്തിന് സന്തോഷം. അടുത്ത ദിവസം മുതല്‍ ഉച്ചയ്ക്ക് ഒരു ജീപ്പില്‍ നിര്‍മാതാവ് ഭക്ഷണം എത്തിത്തുടങ്ങി. വിവിധതരം മീന്‍കറി, കപ്പ, ചെമ്മീനും കരിമീനും പൊള്ളിച്ചത്. ഇതെല്ലാം കണ്ട് മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞു. തന്റെ ഭാര്യയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ടെന്ന് നിര്‍മാതാവിനോട് പറഞ്ഞു. നിര്‍മാതാവ് അത് കേട്ട് ഊറിച്ചിരിച്ചു. പതിവ് പോലെ എല്ലാ ദിവസവും ഉച്ചയ്ക്ക് ജീപ്പില്‍ മമ്മൂട്ടിക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ എത്തിക്കൊണ്ടിരുന്നു.
ഇത് പ്രൊഡക്ഷന്‍കാര്‍ക്ക് സന്തോഷമായി. കാരണം അവരുടെ തലവേദന കുറഞ്ഞു. ഇതിനിടെ കുക്ക് വന്നെങ്കിലും മമ്മൂട്ടി ദേഷ്യപ്പെട്ടു. നീ പോയാല്‍ ഞാന്‍ പട്ടിണി കിടക്കുമോ എന്ന് കരുതിയോ എന്നൊക്കെ ചോദിച്ചു. ഒരു ദിവസം രണ്ടര കഴിഞ്ഞിട്ടും ആഹാരം എത്തിയില്ല. നിര്‍മാതാവിന്റെ പൊടിപോലും കാണാനുമില്ല. ഇന്നത്തെ പോലെ മൊബൈല്‍ ഫോണൊന്നും ഇല്ലാത്തതിനാല്‍ വിളിക്കാനും നിവര്‍ത്തിയില്ല. മമ്മൂട്ടിയുടെ ക്ഷമ നശിച്ചു. നിര്‍മാതാവിന് വല്ലോം സംഭവില്ലോ എന്ന ആധിയും മമ്മൂട്ടിക്കുണ്ടായി. അവസാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ജീപ്പ് വന്നു. നിര്‍മാതാവില്ല, ഡ്രൈവര്‍മാത്രം. എന്താ താമസിച്ചതെന്ന് മമ്മൂട്ടി തിരക്കി. അത് പിന്നെ ഉള്ള ഷാപ്പിലെല്ലാം പോയി വരണ്ടേ എന്ന് ഡ്രൈവര്‍ പറഞ്ഞു. ഷാപ്പോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോ ഡൈവര്‍ പറഞ്ഞു. അതേ ഇത്രേം കറികള്‍ ഏതെല്ലാം ഷാപ്പില്‍ പോയാ വാങ്ങുന്നതെന്ന് അറിയാമോ. നിര്‍മാതാവ് എവിടെയെന്ന് ചോദിച്ചപ്പോ, ദേ പൈസ കൊടുക്കാനുള്ള കൊണ്ട് പാളയം ഷാപ്പുകാര് തടഞ്ഞ് വച്ചിരിക്കുന്നത്. ഇനി ഞാന്‍ വീട്ടില്‍ പോയി പൈസ വാങ്ങിക്കൊണ്ട് വന്ന് വേണം സാറിനെ മോചിപ്പിക്കാന്‍. അത് കേട്ട് മമ്മൂട്ടിക്ക് ദേഷ്യം വന്നെങ്കിലും അദ്ദേഹം പറഞ്ഞു; എന്നോടുള്ള സ്നേഹം കൊണ്ടോ, ഡേറ്റ് വാങ്ങാനോ ഒക്കെയായിരിക്കും പാവം എനിക്ക് വേണ്ടി ഇത്രയും ഓടി നടന്നത്. അവന്റെ കയ്യില്‍ പൈസ ഉണ്ടോന്ന് പോലും ഞാന്‍ തിരക്കിയുമില്ല.