പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ വൈമാനികന്‍ അച്ചുദേവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: അരുണാചല്‍പ്രദേശില്‍ പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ വൈമാനികന്‍ അച്ചുദേവിന്റെ (25) മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ട് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ എത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വച്ചു. ഇന്ന് കോഴിക്കോട് എത്തിച്ച മൃതദേഹം രാവിലെ 11 മണിയോടെ പന്നിയൂര്‍കുളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് തറവാട്ട് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി .

ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിലെ ഉദ്യോഗസ്ഥരും ജില്ലാ ഭരണകര്‍ത്താക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റു വാങ്ങി. തുടര്‍ന്ന് പോങ്ങുംമൂട് ഗൗരിനഗറിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം അഞ്ചുമണിയോടെ മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്കു മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പോങ്ങുംമൂട്ടിലെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.  ഏഴു മാസം മുന്‍പ് പന്നിയൂര്‍കുളത്ത് ഗൃഹപ്രവേശനം നടത്തിയ വീട്ടിലേക്കാണ് അച്ചു ദേവിന്റെ മൃതദേഹം കൊണ്ടു വരുന്നത്. ഗൃഹപ്രവേശനം കഴിഞ്ഞശേഷം തിരിച്ചുപോയ അച്ചുദേവ് അഞ്ചുമാസം മുന്‍പ് വന്നുപോയിരുന്നു.  ഇനി അവധിക്കുവരുമ്പോള്‍ ഈ വീട്ടില്‍ വച്ച് അച്ചുദേവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു പിതാവ് സഹദേവന്‍.

 

കഴിഞ്ഞ മെയ് 23നാണ് പരിശീലനപറക്കലിനിടയിലാണ് സുഖോയ് 30 വിമാനം അരുണാചല്‍ പ്രദേശില്‍ കാണാതായത്.അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും കാണാതായവരെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ