ലണ്ടനെ നടുക്കിയ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു; മൂന്ന് അക്രമികളെ വധിച്ചു 

ലണ്ടൻ∙ മധ്യ ലണ്ടനിൽ കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ പാഞ്ഞുകയറ്റിയും കഠാര ഉപയോഗിച്ചുമുള്ള ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടെന്ന് പൊലീസ്. ലണ്ടൻ ബ്രിഡ്ജിലെ കാൽനടയാത്രക്കാർക്കിടയിലേക്കാണു വാൻ ഓടിച്ചുകയറ്റിയത്. കത്തിക്കുത്തിൽ ബറോ മാർക്കറ്റിൽ നിരവധിപ്പേർക്കു പരുക്കേറ്റു. 48 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണു വിവരം. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടൻ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്. മൂന്ന് അക്രമികളെയും പൊലീസ് വധിച്ചു.

പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടൻ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാൻ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പിന്നീട് 11.15നാണ് ബറോ മാർക്കറ്റിൽ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്സ്ഹോൾ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാൽ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

ലണ്ടൻ ബ്രിഡ്ജ് ഒരു രാത്രി മുഴുവൻ ഒഴിപ്പിച്ചിടുമെന്ന് ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു. ലണ്ടൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും അടച്ചിട്ടു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണം ആണെന്ന് മേ വ്യക്തമാക്കി. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചെന്നു സംശയിക്കുന്ന മൂന്നുപേർക്കായി പൊലീസ് തിരത്തിൽ നടത്തുകയാണ്.

എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.