‘മഹാഭാരതമല്ല’ മോഹന്‍ലാല്‍ നായകനാകുന്ന എം.ടി ചിത്രം മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന പേരില്‍

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ” മഹാഭാരതം ” മലയാളത്തിൽ “രണ്ടാമൂഴം” എന്ന പേരിലായിരിക്കുമെന്ന് സംവിധായകൻ വിഎ ശ്രീകുമാർ മേനോനും നിർമാതാവ് ബി ആർ ഷെട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മറ്റു ഭാഷകളിൽ മഹാഭാരതം എന്ന പേരിൽ തന്നെയാണ് സിനിമ പുറത്തിറങ്ങുക. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവെന്ന് സാമാന്യവല്‍ക്കരിക്കേണ്ടതില്ല. സിനിമക്കെതിരെ വന്ന പ്രതിഷേധം നാമമാത്രമാണ്. ആ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തു കൊണ്ടല്ല പേരുമാറ്റുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന് നേരത്തെ തന്നെ രണ്ടാമൂഴം എന്നു തന്നെയാണ് പേര് നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ മലയാളത്തില്‍ നിന്നുള്ളതല്ലേയെന്നും അതുകൊണ്ട് രണ്ടാമൂഴം എന്നു തന്നെയാവും പേര് എന്നും സംവിധായകന്‍ വിഎ ശ്രീകുമാര്‍ വ്യക്തമാക്കി.

മറ്റു ഭാഷകളിൽ പല പേരുകളിലാണ് രണ്ടാമൂഴം വിവർത്തനം ചെയ്തിരിക്കുന്നത്. മലയാളം ഒഴികെയുള്ള ഭാഷകളില്‍ ചിത്രം മഹാഭാരതം എന്ന പേരിലാവും എത്തുകയെന്നും വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. ആശയകുഴപ്പം ഒഴിവാക്കാൻ എംടിയുടെ രണ്ടാമൂഴം ആധാരമാക്കിയുള്ള “മഹാഭാരതം ” എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറങ്ങുക.

സിനിമയുടെ ചിത്രീകരണം 100 ദിവസത്തിനുള്ളിൽ അബുദാബിയിൽ ആരംഭിക്കും. ആറു മണിക്കൂർ ദൈർഘ്യമുള്ള സിനിമ രണ്ടുഭാഗമായാണ്‌ പുറത്തുവരിക.

എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പറഞ്ഞു.