സംസ്ഥാന നേതാക്കളെ നിര്‍ത്തിപ്പൊരിച്ചു; മാധ്യമങ്ങളെ കണ്ടില്ല; നിരാശയോടെ അമിത് ഷാ മടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിക്ക് അടിത്തറയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ മൂന്നുദിന സന്ദര്‍ശനം സമ്പൂര്‍ണ്ണ പരാജയമായി.

ൈക്രസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക, സമൂഹത്തിലെ പ്രമുഖ സ്ഥാനം വഹിക്കുന്നവരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് അംഗത്വം നല്‍കുക, ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയത്. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ചേരിതിരിവും ഗ്രൂപ്പു പ്രവര്‍ത്തനവും സാമ്പത്തിക ആരോപണങ്ങളും പ്രമുഖ പക്ഷങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യക്ഷന്റെ കടുത്ത അവമതിപ്പിന് ഇടയാക്കി.
അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ പല പ്രമുഖരും പങ്കെടുക്കുമെന്നും അവര്‍ ബി.ജെ.പിയിലെത്തുമെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നുണ പ്രചാരണം പൊളിഞ്ഞതും പാര്‍ട്ടിക്ക് തിരിച്ചടിയായി.

ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ വിമര്‍ശനം ഏറ്റുവാങ്ങിയ അമിത് ഷാ പാര്‍ട്ടിയിലെ നേതൃനിരയുടെ പിടിപ്പുകേടിലും അഴിമതിയിലും കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. കശാപ്പ് നിരോധനം അടക്കമുള്ള ഇതര വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ മുന്‍കൂട്ടി നിശ്ചയിച്ച മാധ്യമങ്ങളെ കാണാനും കൂട്ടാക്കിയില്ല.

പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കുമെന്ന് പറഞ്ഞ സംസ്ഥാന നേതൃത്വം മുമ്പ് സാമ്പത്തിക ആരോപണത്തിന് നടപടിക്ക് വിധേയനായ സി.പി.ഐ നേതാവിനെ ബി.ജെ.പി മെമ്പര്‍ഷിപ്പ് നല്‍കിയതും വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

ബി.ജെ.പിയിലെത്തിയ നേതാവിന്റെ രാഷ്ട്രീയ ചുവടുമാറ്റങ്ങളും ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണവും ചിലര്‍ അമിത് ഷായെ ധരിപ്പിച്ചു.
കേന്ദ്ര ഭരണത്തിന്റെ തണലില്‍ മുരളീധരന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും നടത്തുന്ന പണപിരിവുകളും വഴിവിട്ട പ്രവര്‍ത്തനവും ദേശീയ അധ്യക്ഷനെ ചൊടിപ്പിച്ചു. ഇതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ വരും ദിനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് വഴിവെച്ചേക്കും.