യു.പിയില്‍ പശുവിനെ കൊന്നാല്‍ ദേശീയ സുരക്ഷാ നിയമവും ഗുണ്ടാനിയമവും ചുമത്താന്‍ നിര്‍ദ്ദേശം

ഉത്തർപ്രദേശിൽ പശുവിനെ കൊല്ലുന്നവർക്ക് എതിരെ ദേശിയ സുരക്ഷാ നിയമവും, ഗുണ്ടാ നിയമവും പ്രകാരം കുറ്റം ചുമത്താൻ നിർദേശം. പാല് തരുന്ന മൃഗങ്ങളെ അനധികൃതം ആയി കടത്തികൊണ്ടു പോകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഉത്തർപ്രദേശിൽ ഗോവധം നിരോധിച്ചിരുന്നു. എന്നാൽ നിയമം കർശനമായി നടപ്പിലാക്കിയില്ല. അനധികൃത അറവുശാലകൾ പൂട്ടിക്കാനുള്ള സംസ്ഥാന തീരുമാനത്തിനും കന്നുകാലി വിൽപ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനത്തിനും പിന്നാലെയാണ് പശുവിനെ കൊല്ലുന്നവർക്ക് എതിരെ കടുത്ത കുറ്റങ്ങൾ ചുമത്താനുള്ള സംസ്ഥാന ഡിജിപി സുൽഖാൻ സിംഗിന്‍റെ നിർദ്ദേശം.

ദേശിയ സുരക്ഷാ നിയമവും, ഗുണ്ടാ നിയമവും പ്രകാരം കുറ്റം ചുമത്തണമെന്നാണ് പോലീസ് ഉധ്യോഗസ്ഥർക്ക് അയച്ച കത്തിൽ ഡിജിപി ആവശ്യപ്പെടുന്നത്. പാല് തരുന്ന മൃഗങ്ങങ്ങളെ അനധികൃതമായി കടത്തികൊണ്ട് പോകുന്നവർക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലാകുന്നവർ സംസ്ഥാന പോലീസിന്‍റെ ഗുണ്ടാ ലിസ്റ്റിൽ പെടും.

അതുപോലെ ദേശിയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും പ്രകാരം കുറ്റം ചുമത്തിയാൽ 60 ദിവസം വരെ പോലീസ് കസ്റ്റഡിയിൽ ലഭിക്കും. സാധാരണ കുറ്റമാണ് ചുമത്തുന്നതെങ്കിൽ 14 ദിവസം മാത്രമേ കസ്റ്റഡിയിൽ ലഭിക്കുകയുള്ളു. ഗോരക്ഷകർ നടത്തുന്ന അക്രമങ്ങൾ ശക്തമായി തടയാനും നിർദ്ദേശമുണ്ട്. ജില്ലാ പോലീസ് ഉദ്യോഗസ്ഥർക്കാണ് പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം.