ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ എം.പി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. എം.പിമാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ മുരളീധരന്‍ മത്സരിക്കില്ലെന്നകാര്യം ഏകദേശം ഉറപ്പായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എ.ഐ.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മുരളീധരന്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പോയെങ്കിലും ചില നിര്‍ണായക മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹം മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പരസ്യമാക്കുകയായിരുന്നു.
ഏറ്റവും ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഏറ്റവും സാദ്ധ്യത കല്‍പിച്ചിരുന്ന നേതാവായിരുന്നു മുരളീധരന്‍. ഏറ്റവും ശക്തമായ സ്ഥാനാര്‍ത്ഥിയെ ആകും ഇവിടെ മത്സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. നേമത്തെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തുടക്കം മുതല്‍ ആകാംക്ഷ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുമുണ്ട്.